19 September Saturday

മല തുരക്കുമോ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
നിലമ്പൂർ
കേന്ദ്ര സർക്കാർ പാരിസ്ഥിതിക ആഘാത വിലയിരുത്തലിന്റെ (ഇഐഎ) കരട് ഭേദഗതിയിൽ ജില്ലയുടെ മലയോരം ആശങ്കയിൽ. വനമേഖലയിൽ കണ്ണുവച്ച്‌ കോർപറേറ്റ്‌ ഭീമൻമാർ എത്തുമെന്ന ഭീതിയിലാണ്‌ നാട്‌. അനധികൃത ക്വാറികളുടെ പ്രവർത്തനംമൂലം അനുദിനം ശോഷിക്കുന്ന പശ്‌ചിമഘട്ട വനമേഖല കൂടുതൽ നാശത്തിലേക്ക് കടക്കുമെന്ന്‌ പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ആവാസ വ്യവസ്ഥ തകിടംമറിയുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിനും അമിത പ്രകൃതിചൂഷണം വഴിതുറക്കും. 
പശ്ചിമഘട്ട താഴ്വവരയിലെ നിലമ്പൂർ, ഏറനാട് താലൂക്കുകളിലായി നിരവധി പേരാണ് പരിസ്ഥിതി മേഖലയിൽ ജീവിക്കുന്നത്. രണ്ട് വർഷം തുടർച്ചയായി ദുരന്തഭൂമിയായി മാറിയ പ്രദേശമാണ് നിലമ്പൂർ, ഏറനാട് താലൂക്കുകൾ.
ദുരന്തഭൂമിക്ക് സമീപം അനധികൃത ക്വാറികൾ പ്രവർത്തിച്ചതായി കെഎഫ്ആർഐ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ 10 എണ്ണവും സർക്കാർ പൂട്ടിച്ചു. നലെണ്ണം ദുരന്ത നിവാരണ വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇഐഎ ഭേദഗതി കരട് വിജ്ഞാപനം വരുന്നതോടെ കൂടുതൽ  ക്വാറികൾ ആരംഭിക്കാനാവും. കോർപറേറ്റ്‌ കമ്പനികളും കടന്നുവരാൻ സാധ്യതയേറെയാണ്‌. 
കരിമ്പുഴ വന്യജീവി സങ്കേതം പശ്ചിമഘട്ടത്തിലെ നിലമ്പൂർ വനമേഖലയുടെ 60 ശതമാനവും അതീവ പരിഗണന അറിയിക്കുന്ന പരിസ്ഥിതി ദുർബല മേഖലയാണ്. ഇഐഎ വരുന്നതോടെ പ്രദേശത്തെ വനാന്തരങ്ങളിലും മലനിരകളിലും വസിക്കുന്ന ആദിവാസികൾ ഉൾപ്പെടുന്ന ദുർബല ജനവിഭാഗങ്ങൾ ചൂഷണത്തിന് ഇരയാകും. പല കോളനികൾക്ക് സമീപവും സ്വകാര്യവ്യക്തികളുടെ സ്ഥലം നിലനിൽക്കുന്നുണ്ട്. നേരത്തെ വീടുകൾക്ക് ഭീഷണിയായ സാഹചര്യത്തിൽ അടച്ചുപൂട്ടിയ ക്വാറി, റിസോർട്ട് മാഫിയകൾ പശ്ചിമഘട്ടത്തെ കാർന്ന് തിന്നുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. പശ്ചിമഘട്ടത്തിന്റെ കാലവസ്ഥ അനുസരിച്ചാണ് മലയോര മേഖലയിലെ നിരവധി കർഷകർ കൃഷി ചെയ്യുന്നത്. ക്വാറികൾ പ്രവർത്തനം തുടങ്ങുന്നതോടെ ഇവ ഇല്ലാതാകും.  
മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ അനുമതിയോടെയും അല്ലാതെയും കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ സജീവമാണ്. ഏറനാട് 659, നിലമ്പൂര്‍ 79, പെരിന്തല്‍മണ്ണ 497, തിരൂര്‍ 232, പൊന്നാനി 22, തിരൂരങ്ങാടി 300 ഉള്‍പ്പെടെ ആകെ 1789 ചെറുതും വലുതുമായ ക്വാറികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 806 എണ്ണവും പ്രവര്‍ത്തിക്കുന്നവയാണ്.  983 എണ്ണം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയവയും. 
ദിവസേന നൂറുകണക്കിന് ടിപ്പറുകളില്‍  കരിങ്കല്‍ ചീളുകള്‍ മലയിറങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ രൂപപ്പെടുന്നത് ആഴമേറിയ കുഴികളാണ്. 
ഓരോ ക്വാറികളിലെയും സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്. ഓരോ സ്‌ഫോടനത്തിലും പശ്ചിമഘട്ട മലനിരകള്‍ കുലുങ്ങും. വലിയതോതിലുള്ള മഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടാകും. ഇഐഎ വിജ്ഞാപനം നിലവിൽ വരുന്നതോടെ മലയോര ജനത വലിയ പാരിസ്ഥിതിക  ആഘാതങ്ങൾ നേരിടേണ്ടിവരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top