23 September Wednesday

വിമാന അപകടം: ബാഗേജുകൾ തിരിച്ചേൽപ്പിക്കാൻ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കരിപ്പൂർ
അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ ബാഗേജുകൾ തിരിച്ചേൽപ്പിക്കാനുള്ള നടപടികൾ തുടങ്ങി.  എയർ ഇന്ത്യ കരാർ നൽകിയ കെൻയോൺ ഇന്റർനാഷണൽ എന്ന കമ്പനിയാണ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പല ബാഗേജുകളിലെയും  ഐഡന്റിറ്റി ടാഗുകൾ നഷ്ടമായതിനാൽ  ഉടമയെ തിരിച്ചറിയുകയും കൈമാറുകയുമാണ് ‌പ്രധാന വെല്ലുവിളി. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ബാഗേജുകളുടെ ഉടമയെ കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ  കൈമാറുകയും ചെയ്യും.  
രണ്ട് ദിവസംമുമ്പാണ് കമ്പനി ഉദ്യോഗസ്‌ഥർ കരിപ്പൂരിലെത്തിയത്. തകർന്ന വിമാനത്തിന്റെ ഇരുഭാഗത്തെയും അറകളിൽനിന്നുള്ള ബാഗേജുകൾ ഇതിനകം  എയർ ഇന്ത്യ എൻജിനിയറിങ് വിഭാഗം പുറത്തെടുത്തു. കമ്പനി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്‌.  
വിമാനത്തിന്റെ അകത്തും പുറത്തുമായി ചിതറിയ ബാഗേജുകൾ കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ എയർ ഇന്ത്യ അധികൃതർ കണ്ടെടുത്തു. സിഐഎസ്എഫ് സൂക്ഷിച്ച ബാഗേജുകൾ വിമാനത്താവളത്തിലെ പഴയ കസ്റ്റംസ് ഹാളിലേക്ക് മാറ്റി. വിമാനത്തിന്റെ അറകൾ പൊളിച്ച് പുറത്തെടുത്ത ചെക്കിങ് ബാഗേജുകളും ഇത്തരത്തിൽ മാറ്റി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top