07 December Saturday

സമയം കാത്തുനിന്നില്ല, മരണം തോൽപ്പിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019

 

കവളപ്പാറ
അച്ഛനെയും അമ്മയെയും മരണം കവരുമ്പോൾ പുഴയുടെ അങ്ങേകരയിൽ സുമേഷുണ്ടായിരുന്നു, നിസ്സഹായനായി. ഓടിയടുക്കാൻ കൊതിച്ച മനസ്സിനുമുന്നിൽ നിറഞ്ഞുകവിഞ്ഞ ചാലിയാർ വിലങ്ങിട്ടു. മകനെത്തുന്നതും കാത്ത് പ്രതീക്ഷയോടെ ഇരുന്ന സുകുമാരനെയും രാധാമണിയെയും രക്ഷിക്കാൻ സമയം കാത്തുനിന്നില്ല. സുമേഷിന്റെ സ്നേഹത്തിനുമുകളിൽ ദുരന്തമായി ഉരുൾ പെയ്തിറങ്ങി. വീട്ടിലുള്ള മറ്റെല്ലാവരെയും രക്ഷിച്ചതിന്റെ സന്തോഷത്തിലും ജന്മമേകിയവരെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന സങ്കടത്തിലാണ് ഈ യുവാവ്. താമസിച്ച വീടുപോലും ഇന്നില്ല. ദുരന്തം പിന്നിട്ട അഞ്ചാം നാളിലും ഉറ്റവരുടെ ശരീരംപോലും കിട്ടിയിട്ടില്ല. ദ്രുതകർമസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുമ്പോൾ വിറങ്ങലിച്ച മനസ്സുമായി സുമേഷ് കാത്തിരിക്കുന്നു, ജ്യേഷ്ഠൻ സുമോദും ഒപ്പമുണ്ട്. ഉറ്റവരുടെ ചേതനയറ്റ ശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.  ഇനിയും കണ്ടെത്താനാവാത്ത 38 ജീവനുവേണ്ടി കേഴുകയാണ് കവളപ്പാറയുടെ മനസ്സ്‌.
    വ്യാഴാഴ്ച രാവിലെമുതൽ കവളപ്പാറയിൽ മഴ കനത്തു.  സുമേഷിനെ ഫോണിൽ  വിളിച്ച്‌ സുകുമാരൻ അപകടസൂചന നൽകി. പക്ഷേ,  കഴിഞ്ഞതവണ സമൂഹമാധ്യമങ്ങളിൽ  ഉരുൾപൊട്ടിയെന്ന തെറ്റായ പ്രാചരണമുണ്ടായിരുന്നു. അത്‌   മാറിത്താമസിക്കാനുള്ള തീരുമാനം വൈകിച്ചു.  മഴ കൂടുതൽ ശക്തമായപ്പോൾ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി സുമേഷ്‌ ഭാര്യയെയും മകനെയും ജ്യേഷ്ഠന്റെ ഭാര്യയെയും രണ്ട് മക്കളെയും കാറിൽ രക്ഷപ്പെടുത്തി. ഭാര്യയെ വീട്ടിലെത്തിച്ച് മടങ്ങിയെത്തുമ്പോഴേക്കും ചാലിയാർ പലയിടത്തും കവിഞ്ഞ് വഴിമാറി തുടങ്ങിയിരുന്നു. ഊടുവഴികളിലൂടെ നാട്ടിലെത്തിയെങ്കിലും വെള്ളത്തിനൊപ്പം കടപുഴകിയ മരങ്ങൾ അടിഞ്ഞ് പനങ്കയം പാലം വഴിമുടക്കി. വീടിനുമുന്നിൽ വെള്ളം നിറഞ്ഞതോടെ സുകുമാരനും ഭാര്യയും വീട്ടിൽ കുടുങ്ങി. മകനെ വിളിപ്പാടകലെ മാറ്റിനിർത്തി രാത്രി എട്ടോടെ ഉരുൾ ഇരുവരെയും വീടോടെ കീഴടക്കി. രാത്രി പന്ത്രണ്ടോടെയാണ് ഉരുൾപൊട്ടിയ വാർത്ത സുമേഷ് അറിഞ്ഞത്. ഒരു ദിവസം കഴിഞ്ഞ്. 
 ശനിയാഴ്ചയാണ് സുമേഷിന് വീട്ടിനടുത്ത് എത്താനായത്. പക്ഷേ, വീടുനിന്നിടത്ത് മൺകൂമ്പാരം മാത്രമായിരുന്നു ശേഷിച്ചത്.
  ബംഗളൂരുവിൽനിന്ന് ജ്യേഷ്ഠൻ സുമോദ് കഴിഞ്ഞ ദിവസം നാട്ടിലെത്തി. ജെസിബി  ഉപയോഗിച്ച് ദ്രുതകർമസേന രക്ഷാപ്രവർത്തനം തുടരുമ്പോൾ സുമേഷും സുമോദും കാഴ്ചക്കാരായുണ്ട്. നോവുണങ്ങാത്ത മനസ്സുമായി.
 
പ്രധാന വാർത്തകൾ
 Top