26 August Monday

അതിജീവന വഴി തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

കവളപ്പാറ
ദുരന്തം വിതച്ച നിലമ്പൂരിനും മലപ്പുറത്തിനും അതിജീവനത്തിന്റെ വഴികൾ തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം. 
കവളപ്പാറയിലും പരിസരത്തുമുള്ള ദുരിതബാധിതരെ മാറ്റിപ്പാർപ്പിച്ച സെന്റ്‌മേരീസ്‌ പള്ളി പാരിഷ്‌ ഹാളിലെ ക്യാമ്പിലെത്തി ദുരിതബാധിതരെ കണ്ടശേഷമായിരുന്നു പോത്തുകല്ല‌്‌ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം. ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പാതാർ, മുണ്ടേരി അടക്കം വിവിധ പ്രദേശങ്ങൾ ഹെലികോപ്റ്ററിലിരുന്ന് വ്യക്തമായി കണ്ട് വിലയിരുത്തിയശേഷമാണ് മുഖ്യമന്ത്രി ക്യാമ്പിലും അവലോകന യോഗത്തിലും പങ്കെടുത്തത്.   
ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും മറ്റ്‌ നഷ്ടം സംഭവിച്ചവർക്കും ഉചിത നഷ്ടപരിഹാരം നൽകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 
രണ്ടാം പ്രളയത്തിൽ തകർന്ന പ്രദേശങ്ങളെ പൂർവസ്ഥിതിയിലാക്കാൻ ആവശ്യമായതെല്ലാം ചെയ്യും. സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഡോ. കെ ടി ജലീൽ ദുരിതാശ്വാസ–-രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്‌. 
രക്ഷാ പ്രവർത്തനത്തിനാണ് ആദ്യഘട്ടം  പ്രാധാന്യം നൽകിയത്. ക്യാമ്പുകളിലെ സൗകര്യം ഉറപ്പാക്കും. ക്യാമ്പുകളിൽ ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവരരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  
   ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ഡോ. കെ ടി  ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി,  എംഎൽഎമാരായ പി വി അൻവർ, എ പി അനിൽകുമാർ, പി കെ ബഷീർ,  ടി വി  ഇബ്രാഹിം, അഡ്വ. എം ഉമ്മർ, കെ കെ ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൾഹമീദ്, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര  അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി എൻ വേണു, ഡിജിപി ലോക്‌നാഥ് ബെഹ്റ, ആർമി മേജർ ജനറൽ കെ ജെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ  പി ഉണ്ണികൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതൻ, കലക്ടർ ജാഫർ മലിക്, ഡിഐജി എസ് സുന്ദരൻ,  ജില്ലാ പൊലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം, ഡിഎഫ്ഒ യോഗേഷ് കുമാർ നീലകണ്ഠ്‌, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, ജില്ലാ ആസൂത്രണ സമിതിയംഗം ഇ എൻ മോഹൻദാസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കരുണാകരപിള്ള എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top