17 July Wednesday

ചേളാരിയിലെ ഐഒസി പ്ലാന്റിന്റെ ശേഷി കുറയ‌്ക്കണമെന്ന‌് പഞ്ചായത്ത‌്

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

 

 
തേഞ്ഞിപ്പലം 
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ പാചകവാതകം നിറയ‌്ക്കൽ കേന്ദ്രത്തിന്റെ സംഭരണശേഷി കുറച്ചാൽ പ്രവർത്തനാനുമതി നൽകാമെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത്. ഇതിനോട‌് വിയോജിച്ച‌് എൽഡിഎഫ‌് അംഗങ്ങളും പഞ്ചായത്ത‌് സെക്രട്ടറിയും. 
ഭരണസമിതി യോഗത്തിലാണ‌് നിലവിലെ 2700  മെട്രിക് ടൺ ശേഷി 900 ആയി കുറച്ചാലേ പ്രവർത്തനാനുമതി നൽകാൻ കഴിയൂവെന്ന‌് പഞ്ചായത്ത് പ്രസിഡന്റിന്റെ കാസ‌്റ്റിങ‌് വോട്ടോടെ തീരുമാനമെടുത്തത്. സുരക്ഷ ഉറപ്പാക്കി നിലവിലെ സംഭരണ 
ശേഷിയിൽ പ്രവർത്തനാനുമതി നൽകണമെന്നാണ‌് എൽഡിഎഫ് അംഗങ്ങൾ വിയോജന കുറിപ്പെഴുതിയത‌്. 1800 മെട്രിക് ടണ്ണിന് സുരക്ഷാ ഏജൻസികൾ അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച സെക്രട്ടറി എം മധുസൂദനൻ ഈ സംഭരണശേഷിയിൽ അനുമതി നൽകണമെന്ന് വിയോജന കുറിപ്പിൽ രേഖപ്പെടുത്തി. യോഗത്തിൽ ഏഴ്  ലീഗ് അംഗങ്ങൾ സംഭരണശേഷി കുറയ‌്ക്കണമെന്നും ഏഴ‌് എൽഡിഎഫ‌് അംഗങ്ങൾ മറിച്ചും തീരുമാനം അറിയിച്ചതോടെയാണ‌്  ലീഗുകാരിയായ പ്രസിഡന്റ‌് സഫിയ റസാഖ് തോട്ടത്തിൽ കാസ‌്റ്റിങ‌് വോട്ട്  രേഖപ്പെടുത്തിയത‌്. കോൺഗ്രസിന്റെ ഏക അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് വി സതി യോഗത്തിനെത്തിയില്ല. ലീഗ് അംഗമായ വികസന സ്ഥിരം സമിതി ചെയർപേഴ്സണും യോഗത്തിൽ പങ്കെടുത്തില്ല. 2700 മെട്രിക് ടൺ സംഭരണശേഷിക്കുള്ള കേന്ദ്ര സർക്കാർ അനുമതി 2023 വരെ ഐഒസിയുടെ ചേളാരി ഫില്ലിങ‌് യൂണിറ്റിനുണ്ട്.  
സംഭരണശേഷി കുറയ്ക്കുകയാണെങ്കിൽ അത് പാചക വാതക ക്ഷാമത്തിന് ഇടവരുത്തും. ഇതുസംബന്ധിച്ച പ്രശ‌്നത്തിൽ പഞ്ചായത്തിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.
പ്രധാന വാർത്തകൾ
 Top