22 July Monday

കടലടങ്ങുന്നില്ല ഭീതിയിൽ പൊന്നാനി

പി എ സജീഷ‌്Updated: Friday Jun 14, 2019

കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി കാപ്പിരിക്കാട്‌ ബീച്ച്‌ റോഡ്‌

 

 
പൊന്നാനി 
കടലിന്റെ കലിയിൽ നടുങ്ങി പൊന്നാനി തീരം.  പൊന്നാനി, പാലപ്പെട്ടി, വെളിയങ്കോട് മേഖലകളിൽ  40 മീറ്ററിലധികം കര കടലെടുത്തു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന്  വൈദ്യുതി നിലച്ചു. എട്ട് വീടുകൾ പൂർണമായി തകർന്നു. 
പാലപ്പെട്ടിയിൽ നാലും വെളിയങ്കോട് 25ഉം പൊന്നാനിയിൽ 16 വീടുകളും ഭാഗികമായി തകർന്നു. 54 വീടുകൾ വാസയോഗ്യമല്ലാതായി.  50 മീറ്റർ ചുറ്റളവിലുള്ള വീടുക ളാണ് തകർന്നത്. 
നൂറോളം തെങ്ങുകൾ കടപുഴകി. അലിയാർ പള്ളി ബീച്ച് റോഡ്  500 മീറ്ററോളം കടലെടുത്തു. പുളിക്കൽ ഹനീഫ, പുളിക്കൽ അബ്ദുറഹ്മാൻ, അണ്ടത്തോട് ബീവാത്തു, മേപ്പുറത്ത് ഹംസ, തയ്യിൽ കദീജ എന്നിവരുടേതുൾപ്പെടെ മുപ്പതോളം വീടുകൾ  ഒറ്റപ്പെട്ടു.   
മുറിഞ്ഞഴിയിലെ പഴയപുരയ്ക്കൽ നഫീസ, സ്രാങ്കിന്റെ താഹിറ, കുട്ട്യാമാക്കാനകത്ത് സുഹ്റ, ചന്തക്കാരന്റെ ഷരീഫ, ലൈറ്റ് ഹൗസിനുസമീപം കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ എന്നിവരുടെ വീടുകൾ തകർന്നു.  
ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാർ പള്ളി, എംഇഎസിന് പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടലേറ്റം ശക്തമാണ്‌. 
പ്രദേശങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘവും തീരദേശ പൊലീസും സന്ദർശിച്ചു. 
താനൂർ തീരം ശാന്തതയിലേക്ക‌് 
താനൂർ 
തീരദേശ മേഖലയിൽ കടൽ ശാന്തമാകുന്നു. തിരമാലകളുടെ ശക്തി കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 
അതേ സമയം പൊന്നാനി  മേഖലയിലുള്ള രൂക്ഷമായ കടൽക്ഷേ‌ാഭം  ഭീതി ഉയർത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനുപോയി. എടക്കടപ്പുറം ഭാഗങ്ങളിൽ ബന്ധുവീടുകളിലേക്ക‌് മാറിയവർ തിരിച്ചെത്തിയിട്ടില്ല.
പ്രധാന വാർത്തകൾ
 Top