മലപ്പുറം
സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ കേരളാ ടീമിന് 1.14 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അഭിനന്ദിച്ചു. കേരളത്തിന്റെ കായികമേഖലക്കാകെ ഉണർവ് പകരുന്നതാണ് സർക്കാർ തീരുമാനം. കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ മലപ്പുറത്തിനുള്ള അംഗീകാരംകൂടിയാണിത്. ജില്ലയിൽനിന്നുള്ള ആറ് താരങ്ങളാണ് ടീമിലുണ്ടായിരുന്നത്. പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ നടപടി കായികതാരങ്ങൾക്ക് ഏറെ പ്രോത്സാഹനമാകും.
പയ്യനാട് സ്റ്റേഡിയത്തിലെ മത്സരം കാണാൻ പതിനായിരങ്ങളാണ് എത്തിയത്. സന്തോഷ്ട്രോഫി ടൂർണമെന്റ് ജില്ലയുടെ ഫുട്ബോൾ ആവേശത്തിന് പുത്തൻ ഊർജം നൽകി. ജനങ്ങൾ എറ്റെടുത്ത മഹാമേളയായി അത് മാറി. സംഘാടക മികവുകൊണ്ടും മേള ശ്രദ്ധപിടിച്ചുപറ്റി. പയ്യനാട് സ്റ്റേഡിയം 40,000 പേർക്ക് കളി കാണാൻ കഴിയുന്ന വിധത്തിൽ നവീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഡിയം നവീകരണത്തിന് 20 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു. എത്രയും വേഗത്തിൽ സ്റ്റേഡിയം വികസനം പൂർത്തിയാക്കണം. സന്തോഷ്ട്രോഫി മത്സരങ്ങൾ വൻ വിജയമാക്കാൻ നേതൃത്വം നൽകിയ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ അഭിനന്ദനം അർഹിക്കുന്നു.
ജില്ലയുടെ കായികമേഖലയുടെ കുതിപ്പിന് കരുത്തുപകരുന്ന തീരുമാനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. എടപ്പാൾ ജിവിഎച്ച്എസ്എസ് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. പയ്യനാട് സ്റ്റേഡിയം സ്പോർട്സ് കോംപ്ലക്സിൽ 40 കോടിയുടെ വികസനം പുരോഗമിക്കുന്നു. നിലമ്പൂർ മാനവേദൻ സ്കൂൾ സ്റ്റേഡിയം, കാട്ടിലങ്ങാടി സ്റ്റേഡിയം, ഉണ്ണ്യാൽ മിനി സ്റ്റേഡിയം എന്നിവയുടെ നിർമാണം അതിവേഗത്തിലാണ്. പൊന്നാനിയിൽ നിളാ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഇൻഡോർ സ്റ്റേഡിയത്തിന് ഭരണാനുമതിയായി. എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന സർക്കാർ പ്രഖ്യാപനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നേട്ടമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..