22 September Sunday

എ പ്ലസിലും ആയോധനകലയിലും ചുവടുറപ്പിച്ച‌് നന്ദിതയും അരുണയും

സ്വന്തം ലേഖകൻUpdated: Tuesday May 14, 2019

അരുണയും നന്ദിതയും

 
മേലാറ്റൂർ
പത്താം ക്ലാസ്,  പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയത്തോടൊപ്പം ആയോധനകലയിലും തിളങ്ങിനിൽക്കുകയാണ് കീഴാറ്റൂർ ആറ്റു തൃക്കോവിൽ  ക്ഷേത്രത്തിനുസമീപത്തെ ചീരം പുത്തൂർ നാരായണന്റെ മകൾ നന്ദിതയും കീഴാറ്റൂർ നോർത്തിലെ ഇല്ലിക്കൽ ഉണ്ണികൃഷ്ണന്റെ മകൾ അരുണയും. നന്ദിത മിറാക്കിൾ തൈക്കോണ്ടോയിലും അരുണ ഷോട്ടോക്കാൻ  കരാട്ടെയിലും ബ്ലാക്ക് ബെൽറ്റാണ്.
വണ്ടൂർ വിഎംസി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന‌് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് നേടിയ നന്ദിത കഴിഞ്ഞ മാസമാണ് മിറാക്കിൾ തൈക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത്.  ആലപ്പുഴയിൽ  നടന്ന ടെസ്റ്റിലാണ്  ഇത‌്  കരസ്ഥമാക്കിയത്. നാലുവർഷമായി ഗുരു മോഹനസുന്ദരന്റെ ശിക്ഷണത്തിലാണ് പരിശീലനം.  പത്താം ക്ലാസിലും പ്ലസ് വണ്ണിലും സംസ്ഥാന സ്കൂൾ  തൈകോണ്ടോ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ കണ്ണൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിൽ  നന്ദിതക്ക് വെങ്കല മെഡൽ  നേടാനായി. അച്ഛൻ നാരായണൻ (സി പി മാനു) സിപിഐ എം ആലിക്കൽ പറമ്പ് ബ്രാഞ്ച് അംഗംകൂടിയാണ്. സുജിതയാണ് അമ്മ.
കഴിഞ്ഞ മാസം   തൃശൂരിൽ നടന്ന ടെസ്റ്റിലാണ‌്  ഷോട്ടോക്കാൻ കരാട്ടെയിൽ അരുണ  ബ്ലാക്ക് ബെൽറ്റിന് അർഹയായത്. അഞ്ചുവർഷമായി പെരിന്തൽമണ്ണയിലെ ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ പി ജോൺസന്റെ ശിക്ഷണത്തിലാണ് പരിശീലനം.എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ അരുണ മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.   ബാലസംഘം കീഴാറ്റൂർ നോർത്ത് യൂണിറ്റ് പ്രസിഡന്റ‌് കൂടിയായ അരുണ കഴിഞ്ഞ തവണത്തെ ബാലസംഘം വേനൽതുമ്പി കലാജാഥയിലെ അംഗവുമായിരുന്നു. സഹോദരി അപർണയും ഷോട്ടോക്കാൻ കരാട്ടെയിൽ  ബ്ലാക്ക് ബെൽറ്റാണ്. അങ്കണവാടി വർക്കർ ചാന്ദിനിയാണ് അമ്മ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top