25 April Thursday

പുതിയ കാലത്തിന്റെ തേരാളി

ആർ ഹണീഷ‌്കുമാർUpdated: Sunday Apr 14, 2019

മലപ്പുറം ലോക്്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി പി സാനുവിന്റെ റോഡ് ഷോ കൊളപ്പുറത്തെത്തിയപ്പോൾ

 
വേങ്ങര
മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും പൊന്നാപുരം കോട്ടയെന്ന‌് അവകാശപ്പെടുന്ന വേങ്ങര മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ പടയോട്ടം. 
രാജ്യത്തെ കമ്യൂണിസ‌്റ്റ‌് പാർടിയുടെ വളർച്ചയിൽ നിർണായക സ്വാധീനംചെലുത്തിയ പറപ്പൂർ സമ്മേളനത്തിന്റെയും  മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ നായകൻ മുഹമ്മദ‌് അബ്ദുറഹ്മാൻ സാഹിബിന്റെയും കവി ചാക്കീരിയുടെയും സ‌്മരണകളിരമ്പുന്ന വഴികൾ. ആ പാതയിലൂടെ മാറ്റത്തിന്റെ തേര‌് തെളിച്ച‌് എൽഡിഎഫ‌് സ്ഥാനാർഥി. 
ഗൃഹസന്ദർശനവും രണ്ടുതവണ  പര്യടനവും പൂർത്തിയാക്കിയശേഷമാണ‌് ശനിയാഴ‌്ച സാനു വേങ്ങരയിൽ റോഡ‌് ഷോ നടത്തിയത‌്. രാവിലെ ചെങ്ങാനിയിൽനിന്ന‌് പതാകയേന്തിയ നിരവധി ഇരുചക്ര വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും നൂറുകണക്കിന‌് എൽഡിഎഫ‌് പ്രവർത്തകരുടെയും അകമ്പടിയോടെ തുടക്കം. 
ചുരുങ്ങിയ വാക്കുകളിൽ  ജില്ലയുടെ വികസനമുരടിപ്പും  സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങളും വിശദീകരിക്കും. ഒപ്പം എൽഡിഎഫ് സർക്കാരിന്റെ  വികസന നേട്ടവും. ചെറു കവലകളിൽപോലും നാടിന്റെ പ്രതീക്ഷയായ വിദ്യാർഥി നേതാവിനെ സ്വീകരിക്കാൻ സ‌്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ. 
പൂമാലയും പൂച്ചെണ്ടും നാരങ്ങാവെള്ളവും വത്തക്ക ജ്യൂസും നൽകി. പിന്നിടുന്ന വഴികൾക്കിരുവശത്തും വീടുകളിൽനിന്ന‌് തട്ടവും പർദയുമണിഞ്ഞ സ‌്ത്രീകൾ കൈവീശി. 
തോട്ടശേരിയറ, കുന്നുംപുറം, യാറത്തുംപടി, പുകയൂർ, കുന്നത്ത‌്, വലിയപറമ്പ‌്, വി കെ പടി എന്നിവിടങ്ങളിലെല്ലാം മലപ്പുറത്തിനൊപ്പം വേങ്ങരയും മാറുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ജനമുന്നേറ്റം. 
 പ്രചാരണം അവസാനഘട്ടത്തിലേക്ക‌് നീങ്ങുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി മേൽക്കൈ നേടുന്നതിന്റെ പ്രതീതിയായിരുന്നു റോഡ‌് ഷോക്ക‌് മണ്ഡലത്തിലുടനീളം ലഭിച്ച സ്വീകാര്യത. താഴെ കൊളപ്പുറം, കൂരിയാട‌്, ചെനക്കൽ, വേങ്ങര ടൗൺ, കച്ചേരിപ്പടി, ഗാന്ധിക്കുന്ന‌്, അച്ചനമ്പലം, ചേറൂർ, സിനിമാ ഹാൾ, കാരോത്തോട‌്, മുനമ്പത്ത‌്, ചെറുകുന്ന‌്, പുത്തൂർ, കുഴിപ്പുറം, ഇരിങ്ങല്ലൂർ, വീണാലുക്കൽ, പൊട്ടിപ്പാറ, അരീക്കുളം വഴി   റോഡ‌് ഷോ  രാത്രിയോടെ പാലാണിയിൽ സമാപിച്ചു.
പ്രധാന വാർത്തകൾ
 Top