21 August Wednesday

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രം അമേഠിയിലല്ല; വയനാട്ടിൽ

വി ജയിൻUpdated: Sunday Apr 14, 2019
കൽപ്പറ്റ> ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രം വയനാട്ടിലാണ്; അമേഠിയിലല്ല. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് നടത്തിയ പരിശോധനയിൽ 98 ശതമാനം  മാർക്ക് നേടിയാണ്  വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലുള്ള നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ബഹുമതി നേടിയത‌്.
 
വയനാടിനെ അമേഠിയാക്കുമെന്നാണ് രാഹുൽഗാന്ധി പറഞ്ഞത‌്. നിലവിലുള്ള യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തിയാൽ വയനാടിനെ തരംതാഴ്ത്തുമെന്ന് പറയുന്നതിന് തുല്യമാണിത‌്.  അമേഠി മണ്ഡലത്തിലാകെ അഞ്ചുദിവസം യാത്രചെയ്ത് അന്വേഷിച്ചിട്ടും ഒരു മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം കണ്ടെത്താനായില്ല.  വയനാട്ടിൽനിന്ന് അമേഠിയിലെ വികസനം കാണാൻപോയ കോൺഗ്രസ് സംഘം സഞ്ജയ്ഗാന്ധി ആശുപത്രി കണ്ടെന്നു പറഞ്ഞു. മുൻഷിഗഞ്ചിലുള്ള കണ്ണാശുപത്രിയാണിത്. പ്രത്യേകതയുള്ള പ്രാഥമികാരോഗ്യ കേന്ദ്രമായി തോന്നിയത് ജായസിലുള്ള സ്ത്രീകളുടെ ആശുപത്രിയാണ്. അവിടം കയറി കണ്ടു. രണ്ട് ഡോക്ടർമാരുണ്ടെന്ന് അവിടെയുള്ള രണ്ട് ജീവനക്കാർ അവകാശപ്പെട്ടു. ആശുപത്രിയിൽ ഡോക്ടർമാരെ കണ്ടില്ല. ആധുനിക സംവിധാനങ്ങളൊന്നുമില്ല. രണ്ട് രോഗികൾ, തങ്ങൾ ഇവിടെ അഡ്മിറ്റാണെന്നുപറഞ്ഞു. പൊതുമേഖലയിലെ ആരോഗ്യ സേവനം അമേഠിയിൽ പരിതാപാവസ്ഥയിലാണ്. സ്വകാര്യ മേഖലയിലുമില്ല മികച്ച ആശുപത്രികൾ.
 
എന്നാൽ വയനാട് ജില്ലയിലെ  നൂൽപ്പുഴപഞ്ചായത്ത് പ്രസിഡന്റ് കെ ശോഭൻകുമാറിനൊപ്പം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചപ്പോൾ വിശ്വസിക്കാനായില്ല. ലോകോത്തര നിലവാരമുള്ള ഗ്രാമീണ ആശുപത്രി. വൃത്തിയും അടുക്കും ചിട്ടയുമുള്ള അന്തരീക്ഷത്തിൽ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം. ഒരു രോഗി ആദ്യം വന്ന് രജിസ്റ്റർചെയ്താൽ ഇ കാർഡ് ലഭിക്കും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളും പിന്നീട് ആവശ്യമുള്ളപ്പോഴെല്ലാം കംപ്യൂട്ടർ ശൃംഖലയിൽനിന്ന് ലഭിക്കും. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാം. ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടതില്ല. ടോക്കൺ നമ്പർ കംപ്യുട്ടർ സ്ക്രീനിൽ തെളിയുമ്പോൾ ചെന്നാൽ മതി. മികച്ച ലാബ്,  ആവശ്യത്തിന് മരുന്നുകളുള്ള  ശീതീകരിച്ച ഫാർമസി, ആധുനികമായ പ്രസവമുറി, 10 കിടക്കകളുള്ള ഇൻ പേഷ്യന്റ് വിഭാഗം, കുട്ടികൾക്ക് കളിക്കാൻ പാർക്ക് എന്നിവയുണ്ട‌്.
 
ഗർഭിണികളായ ആദിവാസി യുവതികളെ പ്രസവമടുക്കുമ്പോൾ  ആശുപത്രിക്കടുത്ത് താമസിപ്പിക്കാൻ ‘പ്രതീക്ഷ' എന്ന പേരിൽ രണ്ട് ചെറിയ വീടുകൾ ആശുപത്രിക്കടുത്ത് നിർമിക്കുന്നു. ഡോക്ടർ ദൂരെയിരുന്ന് ചികിത്സ നിർദേശിക്കുന്ന ടെലി മെഡിസിൻ സംവിധാനം തുടങ്ങി. 60 കഴിഞ്ഞവരും ശയ്യാവലംബികളുമായ രോഗികളെ വീട്ടിൽനിന്ന് ആശുപത്രിയിലും തിരിച്ചുമെത്തിക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ ഏർപ്പെടുത്തി. ആംബുലൻസും സ്വന്തമായുണ്ട്.
 
പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി വികസിപ്പിച്ചതെന്ന് പ്രസിഡന്റ് കെ ശോഭൻകുമാർ പറഞ്ഞു. 242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭാഗവും വനമാണ്. 30000 ജനങ്ങളിൽ 11,000 ആദിവാസികളാണ്. പരിമിതമായ വിഭവമുപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കുകയാണ് പഞ്ചായത്ത്. ഡോ. ദാഹർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ആശുപത്രി ടീമിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനവും പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭൻകുമാറിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ പിന്തുണയും ഇടപെടലുമാണ് നൂൽപ്പുഴയെ ദേശീയതലത്തിലേക്ക് ഉയർത്തിയത‌്.

 

പ്രധാന വാർത്തകൾ
 Top