18 August Sunday

വനപാതയിൽ വിരിഞ്ഞു, പിന്തുണപ്പൂക്കൾ

നിഷാന്ത‌് കോടിയാടൻUpdated: Sunday Apr 14, 2019
 
പൂക്കോട്ടുംപാടം
കാടും പുഴയും ചോലകളുമുണ്ടെങ്കിലും കുടിവെള്ളമില്ലെന്ന പരാതിയാണ‌് ടികെ കോളനിക്കാർക്ക‌്. കിണർ കുഴിക്കാൻ പറ്റാത്തതിന്റെ സങ്കടം അവർ സ്ഥാനാർഥിയോട‌് വിവരിച്ചു. വേനലിൽ കാട്ടുചോലകൾ വറ്റുമ്പോൾ കടുത്ത ജലക്ഷാമം. 
എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന‌് സുനീറിന്റെ ഉറപ്പ‌്. ‘മുമ്പുണ്ടായിരുന്ന എംപിയോട‌് നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രദേശം സന്ദർശിക്കാൻപോലും കൂട്ടാക്കിയില്ല'–-ടികെ കോളനിക്കാർക്ക‌് അമർഷവുമേറെ. തന്നെ തെരഞ്ഞെടുത്താൽ നിങ്ങളിലൊരാളായി കൂടെയുണ്ടാകുമെന്ന‌് മറുപടി. മാറ്റത്തിന്റെ കാറ്റിനൊപ്പം നിലമ്പൂർ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിലായിരുന്നു വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ ശനിയാഴ‌്ചത്തെ പര്യടനം. വനത്തിനോടുചേർന്നുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥിക്ക‌് ലഭിച്ചത‌് ഗംഭീരവരവേൽപ്പ‌്. 
വന്യമൃഗശല്യത്തെക്കുറിച്ചായിരുന്നു എല്ലാവർക്കും പരാതി. വിളയിച്ചതൊക്കെയും നിനച്ചിരിക്കാതെ മൃഗങ്ങൾ നശിപ്പിക്കുന്നു. അതിന്റെ ദുഃഖം അവർ സ്ഥാനാർഥിയോട‌് പറഞ്ഞു. ‘തനിക്ക് വോട്ടുചെയ്ത് വിജയിപ്പിച്ചാൽ വയനാട് എംപിയെ തേടി വിദേശരാജ്യങ്ങളിലോ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ അലയേണ്ടി വരില്ലെന്ന‌്' സുനീറിന്റെ വാക്കുകൾ. 
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ‌് അഭിവാദ്യമർപ്പിക്കാനെത്തിയത‌്.  പൂക്കോട്ടുംപാടം ടികെ കോളനിയിലായിരുന്നു മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന്റെ തുടക്കം. അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരത, പൂക്കോട്ടുംപാടം ടൗൺ, പുതിയകളം, മണ്ണാത്തിപൊയിൽ, കരുളായി പഞ്ചായത്തിലെ കളം, കാർളിക്കോട് എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.  നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ നെടുമുണ്ടംകുന്ന്, മുമ്മുള്ളി, ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിലപ്പാടം, കാട്ടിച്ചിറ, പോത്ത്കല്ല് പഞ്ചായത്തിലെ തമ്പുരാട്ടിക്കല്ല്, അമ്പുട്ടാംപൊട്ടി, പോത്ത്കല്ല് ടൗൺ, ഉപ്പട, തമ്പുരാൻകുന്ന്, നിലമ്പൂരിലെ കർഷക സംഗമം, വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് കോറിപ്പടി, വഴിക്കടവ് ടൗൺ, കെട്ടുങ്ങൽ, സ്‌റ്റേഷൻകുന്ന്, മണിമൂളി എന്നിവിടങ്ങളിൽ ആവേശവരവേൽപ്പ‌്.  
മൂത്തേടം പഞ്ചായത്തിലെ കാരപ്പുറത്തും ചുങ്കത്തറ ടൗണിലെ തെരഞ്ഞെടുപ്പ് റാലിയിലും  പങ്കെടുത്തു.  വിവിധ കേന്ദ്രങ്ങളിൽ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്,  സിപിഐ എം നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ റഹീം, ജെ രാധാകൃഷ്ണൻ, മൂത്തേടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി റെജി,  ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ഷബീർ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ഫസൽ റഹ്മാൻ, എൽജെഡിഎസ് ജില്ലാ കമ്മിറ്റി അംഗം മാത്യു ടി കാരാംവേലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top