21 August Wednesday

വയനാട്ടിലെ പച്ചക്കൊടി വിവാദം: പ്രതിരോധിക്കാതെ ലീഗ‌്; അണികളിൽ നിരാശ

സ്വന്തം ലേഖകൻUpdated: Sunday Apr 14, 2019
മലപ്പുറം> തെരഞ്ഞെടുപ്പ‌് പടിവാതിൽക്കൽ എത്തിനിൽക്കെ മുസ്ലിംലീഗ‌് പ്രതിരോധത്തിൽ. എസ‌്ഡിപിഐ നേതാക്കളുമായി നടത്തിയ ചർച്ച വിവാദമായതിനുപിന്നാലെ വയനാട്ടിൽ പച്ചക്കൊടി ഒഴിവാക്കണമെന്ന നിർദേശവും യോഗി ആദിത്യനാഥിന്റെ വൈറസ‌് പ്രയോഗവും ലീഗിനെ പ്രതിരോധത്തിലാക്കി. വിഷയങ്ങളെ നേരിടുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന വികാരമാണ‌് അണികൾക്ക‌്. തീവ്രനിലപാടുകാരായ എസ‌്ഡിപിഐയുമായി നടത്തിയ ചർച്ചകളടക്കം നേതൃത്വത്തിന്റെ നിലപാടുകൾ  മുസ്ലിംലീഗിനെ കടുത്ത പ്രതിസന്ധിയിലാക്കി.
 
എസ‌്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട‌് പാർടിയുടെ അസ‌്തിത്വം  ഇല്ലാതാക്കിയതായി ലീഗിൽതന്നെ അഭിപ്രായമുണ്ട‌്. പച്ചക്കൊടി വിവാദത്തിൽ സംഘപരിവാറിനെ പ്രതിരോധിക്കാതെ വന്നതോടെ ലീഗ‌് സംഘടനാപരമായി വലിയ വെല്ലുവിളി നേരിടുകയാണ‌്. സമസ‌്ത ഉൾപ്പെടെ സംഘടനകളും ലീഗിലെ ഒരു വിഭാഗം നേതാക്കളും  അവിശുദ്ധ കൂട്ടുകെട്ടിൽ അതൃപ‌്തി അറിയിച്ചതായാണ‌് വിവരം.  എസ‌്ഡിപിഐ നേതാക്കളുമായി കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ‌്ബഷീറും നടത്തിയ രഹസ്യചർച്ച സിസി ടിവിയിലൂടെ പുറത്തായി ആഴ‌്ചകൾവിട്ടിട്ടും വിവാദം കെട്ടടങ്ങിയിട്ടില്ല. കൊണ്ടോട്ടിയിൽ നടന്നത‌്
 
മൂന്നാം ഘട്ട ചർച്ചയാണെന്നും പൊന്നാനിയിലെ സ്ഥാനാർഥിയെ പിൻവലിക്കാൻ ലീഗ‌് ആവശ്യപ്പെട്ടിരുന്നുവെന്നും എസ‌്ഡിപിഐ നേതാക്കൾ വെളിപ്പെടുത്തിയിട്ടും ലീഗ‌്നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. ഇതിൽ അണികൾക്ക‌് കടുത്ത നിരാശയുണ്ട‌്. ലീഗിനെ വൈറസെന്ന‌്  യോഗി ആദിത്യനാഥ‌് വിമർശിച്ചപ്പോഴും മറുപടി പറയാതെ തടിയൂരുകയായിരുന്നു ലീഗ‌് നേതൃത്വം. വയനാടിനെ പാകിസ്ഥാനെന്ന‌് ബിജെപി അധ്യക്ഷൻ അമിത‌് ഷാ വിളിച്ചപ്പോഴും  ഇടതുപക്ഷമാണ‌് മറുപടി പറഞ്ഞത‌്. രണ്ടിലും കോൺഗ്രസിന്റെ പ്രതികരണം ദുർബലമായിരുന്നു.  
 
ലീഗ‌്–- എസ‌്ഡിപിഐ ചർച്ചയിലും ആദിത്യനാഥിന്റെ വൈറസ‌് പരാമർശത്തിലും കരുതലോടെയാണ‌് കോൺഗ്രസ‌് പ്രതികരിച്ചത‌്. ലീഗിനെ പിന്തുണച്ചാൽ പാർടിയിലെ മൃദുഹിന്ദുത്വ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭീതി കോൺഗ്രസിനുണ്ട‌്. ബിജെപിയെ കടന്നാക്രമിച്ചാൽ വോട്ടുകച്ചവടം പൊളിയുമെന്ന ആശങ്കയും ചില നേതാക്കൾക്കുണ്ട‌്.
പ്രധാന വാർത്തകൾ
 Top