18 October Friday

ചെന്നിത്തലയും മുനീറും മാപ്പുപറയണം: എസ്‌‌കെഎസ്എസ്എഫ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

 മലപ്പുറം

 യത്തീംഖാനകളിൽ മനുഷ്യക്കടത്തെന്ന കള്ള പ്രചാരണം ശരിവച്ച് കേസെടുത്ത് ഒരു സമൂഹത്തെയാകെ അപമാനിച്ചവർ മാപ്പുപറയണമെന്ന ആവശ്യം ശക്തമാവുന്നു.  എസ്‌‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഇക്കാര്യം ഫെയ്സ് ബുക്കിൽ കുറിക്കുകയുംചെയ്‌തു. 
സൗജന്യമായി വിദ്യാഭ്യാസം ലഭിക്കുമെന്നറിഞ്ഞ് കേരളത്തിലെ യത്തീംഖാനകളിലേക്ക് വന്ന അനാഥക്കുട്ടികളെ മനുഷ്യക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അന്നത്തെ കേരള പൊലീസ് നടപടി വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമായതായി സത്താർ കുറിയ്ക്കുന്നു.  
 ‘ ഇന്നത്തെ പ്രതിപക്ഷ നേതാവായ അന്നത്തെ ആഭ്യന്തര മന്ത്രി അനാഥക്കുട്ടിയുടെ വിശക്കുന്ന വയറ്റിൽ അതിർത്തി വരച്ച് കടുത്ത വംശീയതയാണ് ചർദിച്ചത്.  ഇപ്പോഴിതാ എല്ലാ കള്ളക്കളിയും വെളിച്ചത്തായിരിക്കുന്നു.
ദരിദ്ര സംസ്ഥാനങ്ങളിൽനിന്ന് വിദ്യാഭ്യാസത്തിനെത്തിയ അനാഥമക്കളെ കുട്ടിക്കടത്ത് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു.  
കുട്ടികൾക്ക് ജീവനക്കാരിൽനിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടിവന്നിട്ടില്ലെന്ന് പറ്റ്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും സത്യവാങ്മൂലത്തിൽ പറഞ്ഞു.  നൂറുകണക്കിന് അനാഥക്കുഞ്ഞുങ്ങളെ കണ്ണീര് കുടിപ്പിച്ച, അവരുടെ അറിവും അന്നവും മുടക്കിയ ഗൂഢാലോചകരെ കയറൂരിവിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും വകുപ്പ് മന്ത്രിയും ഇക്കാര്യത്തിൽ പരസ്യമായി മാപ്പുപറയുകതന്നെ വേണം, രണ്ട് പേരും പാർടി ലീഡർമാരായി, നിസ്വാർഥ സേവകരായി നിയമസഭയിലുണ്ടാവുമ്പോൾ അതല്ലേ ഒരു മാന്യത '–- - സത്താർ പന്തല്ലൂർ ഫെയ്സ്‌ ബുക്ക്‌ കുറിപ്പിൽ ചോദിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top