27 February Thursday

കൊളോണിയൽ കാലത്തേക്കൊരു പാലം !

പി സിതാരUpdated: Monday Jan 13, 2020
അരീക്കോട്
ദശാബ്‌ദങ്ങൾ മുമ്പ്‌ നാട്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിലായിരുന്നുവെന്ന ചരിത്രം ഓർമിക്കാൻ കടുങ്ങല്ലൂർ ഇരുമ്പുപാലമൊന്ന്‌ കേറിയാൽ മതി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നിർമിക്കപ്പെട്ട പാലം വൈദേശികാധിപത്യത്തിന്റെ നിശ്ശബ്‌ദ സ്‌മാരകമായി ഇന്നും നിലകൊള്ളുന്നു. 
അരീക്കോട്‌ എംഎസ്‌പി ക്യാമ്പിലേക്ക് ഭക്ഷണവും ആയുധവും എത്തിക്കുന്നതിനായി 1939ൽ കടുങ്ങല്ലൂർ തോടിനുകുറുകെ നിർമിച്ചതാണ് പാലം. കാളവണ്ടിയും അപൂർവമായി കുതിരവണ്ടിയും സഞ്ചരിച്ചിരുന്ന അരീക്കോടൻ നാട്ടുവഴി പാലം സ്ഥാപിച്ചതോടെ പ്രാധാന്യമേറി. കോഴിക്കോട് നിന്നുള്ള സൈനിക നീക്കത്തിനും നിലമ്പൂരിൽനിന്നുള്ള ചരക്കുഗതാഗതത്തിനും പാലം സഹായകരമായി. 
തദ്ദേശവാസികളുടെ സഹായത്തോടെയായിരുന്നു പാലം നിർമാണം. അണക്കെട്ടിന്റെ സാങ്കേതിക രീതിയിലാണ്‌ നിർമാണം. 49‌.5 മീറ്റർ നീളവും 3.90 മീറ്റർ വീതിയുമുള്ള പാലത്തിന്റെ തൂണിന് 40 സെ.മി വീതിയും 35 സെ.മി കനവുമുണ്ട്. ചുണ്ണാമ്പും ശർക്കരയും ചെങ്കല്‍പൊടിയും കൂട്ടിക്കലർത്തിയ സുര്‍ക്കിയുപയോഗിച്ചാണ്‌  തൂണുകളുടെ നിർമാണം. കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകളെ വേർതിരിക്കുന്ന പാലത്തിന് കേടുപാട്‌ കണ്ടെത്തിയതിനെ തുടർന്ന് 2008ൽ കോൺക്രീറ്റ് പാലം നിർമിച്ചിരുന്നു. തുരുമ്പെടുത്ത്‌ തുടങ്ങിയ ബ്രിട്ടീഷ് നിർമിത പാലം അറ്റകുറ്റപണി നടത്തി ചരിത്ര സ്‌മാരകമാക്കി സംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
 Top