13 December Friday
ഇന്ന്‌ ദേശീയ പക്ഷിനിരീക്ഷണ ദിനം

തിരുന്നാവായയില്‍ ചിറകടികള്‍ മുഴങ്ങുന്നു

വിനോദ്‌ തലപ്പള്ളിUpdated: Tuesday Nov 12, 2019

തിരുന്നാവായയിൽ കൂടുകെട്ടിയ ചേരാകൊക്കൻ പക്ഷികൾ

 
തിരൂർ
ദീര്‍ഘദൂര ദേശാടന പക്ഷിയായ ചെങ്കാലന്‍ പുള്ള് (അമൂര്‍ ഫാല്‍ക്കണ്‍), യൂറേഷ്യൻ പ്രാപ്പിടിയൻ, അപൂര്‍വ പക്ഷിയായ പച്ചപ്രാവ് (യെല്ലോഫൂട്ടഡ് ​ഗ്രീന്‍ പീജിയണ്‍), ചേരാകൊക്കൻ (എഷ്യന്‍ ഓപ്പണ്‍ബില്‍ഡ് സ്റ്റോര്‍ക്ക്), ഉപ്പൂപ്പൻ (ഹൂപ്പ്) ഇവയെ  കാണണമെങ്കില്‍ തിരുന്നാവയയിലേക്ക് വന്നോളൂ. തിരുത്തിയിലെ താമര കായലിലും പാഴ്മരങ്ങളിലാണ് ഇവ കൂട് കെട്ടി താമസിക്കുന്നത്. 
ഭാരതപ്പുഴയോരത്തെ ചങ്ങണക്കാടുകളും പക്ഷികളുടെ താവളമാണ്.നവംബർ മുതൽ ഏപ്രിൽ വരെയാണ് ദേശാടന പക്ഷികൾ ഇവിടെയെത്തുന്നത്. രാങ്ങാട്ടൂർ, മഞ്ചാടി, ബന്തർ കടവ്, പല്ലാറ്റ് കായൽ എന്നിവയാണ് ദേശാടന പക്ഷികളുടെ വിഹാരകേന്ദ്രം. എകദേശം 157ൽപരം ഇനം പക്ഷികളെ ഇവിടെ കാണാം. 20ഓളം ദേശാടന പക്ഷികളും തിരുന്നാവായയിലെത്തുന്നു. നിളയോരവും താമരക്കായലുമടങ്ങുന്ന ആവാസ വ്യവസ്ഥയാണ് ദേശാടകരടക്കമുള്ള പക്ഷികള്‍ക്ക് തിരുന്നാവായയെ പ്രിയങ്കരമാക്കുന്നത്. 
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തലവനായിരുന്ന ഡോ. ജാഫർ പാലേമാട് 2013ൽ നടത്തിയ പക്ഷി നിരീക്ഷണത്തിലാണ് തിരുന്നാവായ പക്ഷികൾക്ക് ആവാസയോഗ്യമായ ഇടമാണെന്ന് തിരിച്ചറിഞ്ഞത്. കേരളത്തിൽ ചേരാകൊക്കൻ പക്ഷികളുടെ സാന്നിധ്യം കൂടുതലുള്ളത് ഇവിടെയാണെന്ന് അദ്ദേഹം പറയുന്നു. 
പക്ഷിവേട്ടയും പുഴയോരത്തെ കാടുകൾക്ക് തീയിടുന്നതും ആവാസ വ്യവസ്ഥ തകർക്കുന്നുണ്ട്. പക്ഷികളുടെ പ്രധാന ആവാസ കേന്ദ്രമെന്ന നിലയിൽ പരിസ്ഥിതി സംഘടനയായ റീ എക്കൗ പക്ഷീണാം ബൈഠക്ക് നടത്തിയിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലുകളെ തുടർന്ന് രണ്ടുവർഷം മുമ്പ് ഇവിടെ പക്ഷിവേട്ട നിരോധിച്ചിരുന്നു. ഇവിടം കമ്യൂണിറ്റി റിസർവ് ആയി പ്രഖ്യാപിക്കണമെന്നാണ് പക്ഷി നിരീക്ഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top