24 September Thursday

നിയന്ത്രണം കടുപ്പിച്ചു ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

 

മലപ്പുറം
കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ. വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ഇളവുണ്ടാകും. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർമാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. കലക്ടർ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം‌. നിയന്ത്രണങ്ങൾ ചൊവ്വാഴ്‌ചമുതൽ നിലവിൽവന്നു.
സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികൾ സാമൂഹ്യ അകലം പാലിക്കണം. ഒരേ സമയം കൂടുതൽ രോഗികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. മുൻകൂട്ടി ബുക്ക്ചെയ്ത് നിശ്ചിത സമയത്തുമാത്രം രോഗികൾ എത്താനുള്ള സൗകര്യമൊരുക്കണം. നിയമലംഘനം നടത്തുന്ന ക്ലിനിക്കുകൾ  പൂട്ടും.
ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. തേഞ്ഞിപ്പലം സിഎഫ്എൽടിസിയിൽ കോവിഡ് പരിശോധനക്ക്‌ സൗകര്യമൊരുക്കും. പാലേമാട് വിവേകാനന്ദ സ്‌കൂൾ സിഎഫ്എൽടിസിയാക്കും.
കണ്ടെയ്‌ൻമെന്റിൽ വിവാഹത്തിന്‌ പാസ്‌
കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ വിവാഹ ചടങ്ങുകൾക്ക് തഹസിൽദാർ പാസ്‌ നൽകും. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിവാഹങ്ങൾക്ക്‌ മറ്റ് പ്രദേശങ്ങളിൽനിന്ന് വരൻ/വധു സംഘത്തിന്‌ എത്താനും പുറത്തുപോകാനുമാണ്‌ പാസ് അനുവദിക്കുക. 
രക്ഷാപ്രവർത്തകർക്ക് പരിശോധന
വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് പ്രാദേശികതലത്തിൽ പ്രത്യേക കേന്ദ്രങ്ങൾ സജീകരിച്ച് കോവിഡ് പരിശോധന നടത്തും. അപകടത്തിൽ മരിച്ച ഒരാൾക്കും ചികിത്സയിലുള്ള ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്‌.
കടകൾ രാത്രി ഏഴുവരെ
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ തുറക്കാം. ഹോട്ടലുകളും തട്ടുകടകളിലും രാത്രി ഒൻപതുവരെ പാഴ്‌സൽ നൽകാം. ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top