19 September Saturday
ഇന്ന് ലോക ആനദിനം

മസ്‌തകങ്ങളിൽ സങ്കട പൂമ്പൊടി

എം സനോജ‌്Updated: Wednesday Aug 12, 2020
നിലമ്പൂർ 
ആനക്കൊമ്പ് വേട്ടയും പീഡനങ്ങളും കാരണം വംശനാശ ഭീഷണി നേരിട്ട്‌ കരിവീരൻമാർ. കേരളത്തിൽ കാട്ടാനകൾ കുറയുന്നതായി 2017 മെയ് 16 മുതൽ 19 വരെ നടന്ന സെൻസസ്‌ വ്യക്തമാക്കുന്നു. പിന്നീട്‌ സർവേ ഉണ്ടായിട്ടില്ല.  
സംസ്ഥാനത്തെ വനങ്ങളിൽ 5706 കാട്ടാനകളുണ്ടെന്നാണ്‌‌ 2017ലെ കണക്ക്‌. 2012ലെ സെൻസസിൽ ഇത്‌ 6177 ആയിരുന്നു. കേന്ദ്ര-–-സംസ്ഥാന വനംവകുപ്പുകളുടെ മേൽനോട്ടത്തിൽ പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റേതായിരുന്നു സർവേ. 
പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട്  എന്നിവിടങ്ങളിൽ 615 ബ്ലോക്കുകളിലായിരുന്നു പരിശോധന.  എം ബാലസുബ്രഹ്മണ്യൻ (വന്യജീവി നിരീക്ഷണ വിദഗ്ധൻ), ഡോ. പി എസ് ഈസ (കെഎഫ്ആർഐ മുൻ ഡയറക്ടർ), അമിത് മാലിഖ് ( അഡീഷണൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റ്), പ്രമോദ് ജി കൃഷ്ണൻ (ഫീൽഡ് ഡയറക്ടർ പറമ്പികുളം ടൈഗർ റിസർവ്) എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. 
വനംവകുപ്പിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ പത്തുവർഷത്തിനിടെ ചരിഞ്ഞത്  836 കാട്ടാനകളാണ്. 
അസ്വഭാവിക സാഹചര്യങ്ങളിൽ ജീവൻ പൊലിഞ്ഞവ–- 64. വേട്ടക്കാർ കൊല്ലുന്നതും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചും വാഹനങ്ങൾ തട്ടിയും വൈദ്യുതി വേലികളിൽ കുടുങ്ങിയും  ചരിയുന്നവയാണ്‌ അസ്വഭാവിക മരണങ്ങളായി പരിഗണിക്കുന്നത്.
 പ്രായമായും അസുഖം ബാധിച്ചും 772 ആനകൾ ചരിഞ്ഞു. 2015–16 കാലഘട്ടത്തിലാണ് ഏറ്റവുമധികം ആനകൾ അസ്വഭാവിക സാഹചര്യങ്ങളിൽ ഇല്ലാതായത്‌–- 18 എണ്ണം. 2018–19 വർഷത്തിൽ പത്തെണ്ണവും.  
വനം വകുപ്പിന്റെ ഏകദിന സെൻസസ് പ്രകാരം സംസ്ഥാനത്തെ നാട്ടാനകളുടെ എണ്ണം 521 ആണ്. ഇതിൽ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടും.
 
സംസ്ഥാനത്തെ കാടുകളിൽ
വിവിധ വർഷങ്ങളിലെ 
കാട്ടാനകളുടെ എണ്ണം
വർഷം    എണ്ണം 
1989-          3500
1993-          4286
1997-          5735
2002 -        6939
2005-        5135
2007-        6068
2010-        6026
2012-        6177
2017-        5703

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top