17 October Thursday
ഭിന്നശേഷി സൗഹൃദമാകാൻ ശാന്തിതീരം

വിനോദം ഇനി വെല്ലുവിളിയല്ല

സുധ സുന്ദരൻUpdated: Friday Jul 12, 2019
 
 
മലപ്പുറം
സിവിൽ സ‌്റ്റേഷന‌് പിറകിൽ കടലുണ്ടി പുഴയോരത്തെ ശാന്തിതീരം പാർക്ക‌് ഒരുങ്ങുകയാണ‌്, പുതിയ കഥ പറയാൻ. ഒഴിവുവേളകളിലെ ആഹ്ലാദങ്ങൾ  ഭിന്നശേഷിക്കാർക്കും സമ്മാനിക്കാൻ ഒരുങ്ങുകയാണ‌് പാർക്ക‌്. 
ടൂറിസം വകുപ്പ‌് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ പദ്ധതി ‘ബാരിയർ ഫ്രീ’ (തടസ്സരഹിത)യുടെ ഭാഗമായാണ‌് ശാന്തിതീരം  മാറ്റങ്ങൾക്ക‌് ഒരുങ്ങുന്നത‌്. സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ‌്  വകയിരുത്തിയ 90 ലക്ഷം രൂപയിൽനിന്ന‌ാണ‌് പദ്ധതിക്കുള്ള ഫണ്ട‌് കണ്ടെത്തുക.
ശാരീരിക വെല്ലുവിളി നേരിടുന്ന   ടൂറിസ്റ്റുകൾക്കും വയോജനങ്ങൾക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രയാസമില്ലാതെ സഞ്ചരിക്കാനും സന്ദർശിക്കാനും കഴിയുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുക, വിനോദ സഞ്ചാരമേഖലയെ ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ‌് പദ്ധതി.  പദ്ധതി ഭാഗമായി ഭിന്നശേഷിക്കാർക്കായി ശാന്തിതീരം പാർക്കിൽ വീൽചെയറുകൾ സജ്ജമാക്കും. കാഴ‌്ചയില്ലാത്തവർക്കായി പ്രവേശന കവാടം മുതൽ ബ്രെയിലി ലിപിയിലുള്ള നിർദേശ ബോർഡുകൾ സ്ഥാപിക്കും. ഇവർക്കായി  പ്രവേശന കവാടത്തോട‌് ചേർന്ന‌് ഓഡിയോ ഗൈഡ‌് ലൈൻ സംവിധാനവും ഒരുക്കും. ഹെഡ‌്സെറ്റ‌് ഉപയോഗിച്ച‌് ഓഡിയോയിലൂടെ പാർക്കിലെ നടപ്പാത, ബഞ്ചുകൾ, ഫുഡ് കിയോസ്കുകൾ എന്നിവയെ  കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും.  
പാർക്കിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതിയുണ്ട‌്. ഇതിന്റെ ഭാഗമായി  കൂടുതൽ ശുചിമുറികൾ നിർമിക്കും. ഇതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു.  
ചിൽഡ്രൻസ‌് പാർക്കും അഡ്വഞ്ചർ സ്പോട്ടും
പുഴയോരത്ത‌് ചിൽഡ്രൻസ‌് പാർക്കും അഡ്വഞ്ചർ സ്പോട്ടും തയ്യാറാക്കാനായുള്ള ശ്രമം അധികൃതർ നടത്തുന്നുണ്ട‌്. നിലവിലെ അഡ്വഞ്ചർ സ്പോട്ട‌്  ‘ഓഫ‌് റോഡ‌് ബൈക്ക‌്  റൈഡ‌്’ അപകട സാധ്യത കണക്കിലെടുത്ത‌് നിർത്തിവച്ചിരിക്കുകയാണ‌്. കുത്തനെയുള്ള പ്രദേശമായതിനാൽ സാധ്യമായ മറ്റ‌് സാഹസിക വിനോദങ്ങൾ ഒരുക്കും.
പൂന്തോട്ടത്തിലെ അതിഥികൾ
പുഴയോരത്തെ ചെറിയ പൂന്തോട്ടത്തിൽ ചിത്രശലഭങ്ങൾ ഏറെയാണ‌്. 
പ്രജനന സമയത്ത‌് ശലഭങ്ങൾ വന്നിരിക്കുന്ന എല്ലാത്തരം ചെടികളും നട്ടുവളർത്തിയതോടെയാണ‌് ഇവ കൂട്ടമായി എത്തിത്തുടങ്ങിയ‌ത‌്. 
വേലിച്ചെടി, പൂമ്പാറ്റചെടി തുടങ്ങിയ നാടൻ ചെടികളാണ‌് തോട്ടത്തിൽ ഏറെയും. 
വിവധ വർണത്തിലും വലിപ്പത്തിലുമുള്ള ചിത്രശലഭങ്ങളാണ‌്  പുഴയോരത്തിന‌് നിറംപകരുന്നത‌്.
പ്രധാന വാർത്തകൾ
 Top