16 July Tuesday

പ്രളയം തകർത്തവർ പുതിയ വീടുകളിലേക്ക‌്

ടി വി സുരേഷ‌്Updated: Friday Jul 12, 2019
 
മഞ്ചേരി
ഏറനാട് താലൂക്കിലെ പ്രളയ ദുരിതബാധിതർക്കുള്ള ഭവന നിർമാണ സഹായ വിതരണം അവസാനഘട്ടത്തിൽ. താലൂക്കിൽ 32 വീടുകളാണ് പൂർണമായും തകർന്നത‌്. 11 പേർക്ക് വീടും സ്ഥലവും നഷ്ടമായി. 
ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലുൾപ്പെട്ട കരിമ്പ് കോളനിയിലെ ബാലകൃഷ്ണൻ, കുരൂരി കോളനിയിലെ റീന അനീഷ്, വെറ്റിലപ്പാറ സ്വദേശികളായ സാജു ജോസ്, മാധവൻ, നെല്ലിയായി കോളനിയിലെ പ്രേമൻ, കൃഷ്ണൻ, ഗോപാലൻ, വെണ്ടേക്കുപൊയിൽ മിനി കാവുങ്ങൽ, കൊടുമ്പുഴ തങ്കമണി, കൊളപ്പാട് ഉണ്ണിരാമൻ എന്നിവരുൾപ്പെടെ 11 പേർക്കാണ‌് വീടും സ്ഥലവും നഷ്ടമായത‌്. ഇവരിൽ 10 പേർക്ക് മൂന്നുമുതൽ അഞ്ച‌് സെന്റുവരെ ഭൂമി  നൽകി. 
മാനദണ്ഡപ്രകാരം പത്തുലക്ഷം രൂപയാണ് വീടും സ്ഥലവും നഷ്ടമായവർക്ക് അനുവദിച്ചത്. വീട് നിർമാണത്തിനുള്ള മൂന്ന‌് ഗഡുക്കളും ഇതിനകം വിതരണംചെയ്തു. പൂർണമായും വീട് തകർന്ന  32 പേരിൽ പകുതിയും ഇതിനകം പുതിയ വീടുകളിലേക്ക് താമസം മാറി. ബാക്കിയുള്ള വീടുകളുടെ നിർമാണം അടുത്ത ആഴ്ചയോടെ  പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.  ഭാഗികമായി തകർന്ന വീടുകൾക്ക് 10,000 മുതൽ രണ്ടരലക്ഷം രൂപവരെ അനുവദിച്ചു.  ഭാഗികമായി തകർന്ന നൂറിൽപരം വീടുകളും അറ്റകുറ്റപ്പണിചെയ്ത് വാസയോഗ്യമാക്കി. 
  ഓടക്കയം വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന്  നേരത്തെതന്നെ സർക്കാർ ധനസഹായം നൽകി. ഒരു കുടുംബത്തിലെ നാലുപേരടക്കം ഏഴുപേരാണ് മരിച്ചത്. നെല്ലിയായി സുന്ദരൻ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), ഉണ്ണികൃഷ്ണന്റെ ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി ഷിംന (12) എന്നിവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌് നഷ്ടപരിഹാരം നൽകിയത്.
6.95 ലക്ഷം കര്‍ഷകര്‍ക്ക‌് 36.80 കോടി 
മലപ്പുറം
പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ കൈപിടിച്ചുയർത്താൻ കൃഷിവകുപ്പ് ജില്ലയിൽ ചെലവഴിച്ചത് 36.80 കോടി രൂപ. 6,95,710 കർഷകർക്ക‌് സഹായം ലഭിച്ചു. വിളനാശം, മണ്ണ് നീക്കംചെയ്യൽ, കൃഷി വ്യാപനം, ജലസേചന സൗകര്യമൊരുക്കൽ തുടങ്ങി 17 ഇനങ്ങളിലാണിത‌്.
കൃഷി നശിച്ച 19,078 പേർക്ക് നഷ്ടപരിഹാരമായി 28.26 കോടി രൂപ നൽകി. കൃഷിസ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കാൻ 18.42 ലക്ഷം ചെലവഴിച്ചു. മണ്ണിന്റെ ഗുണമേൻമ വർധിപ്പിക്കാൻ 1.78 കോടി രൂപ ചെലവഴിച്ചു.  നേന്ത്ര കൃഷി വ്യാപനത്തിന് 3.96 കോടിയും പൈനാപ്പിൾ വ്യാപനത്തിന് 12 ലക്ഷവും നൽകി. സങ്കരയിനം പച്ചക്കറി കൃഷി, ചക്ക കൃഷി വ്യാപനം, ഇഞ്ചി കൃഷി, കുരുമുളക് എന്നിവക്കായി യഥാക്രമം ഒരു ലക്ഷം, 4.68 ലക്ഷം, 12.61 ലക്ഷം, 36.42 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു.
പ്രധാന വാർത്തകൾ
 Top