25 August Sunday

ഓപറേഷൻ സ്കൂൾ സോൺ: വലയിലായത് 725 വാഹനം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
തിരൂരങ്ങാടി
സ്കൂൾ വിദ്യാർഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യമിട്ട് തുടങ്ങിയ "ഓപറേഷൻ സ്കൂൾ സോൺ'  മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയുടെ രണ്ടാംഘട്ടത്തിൽ വലയിലായത‌് 725 വാഹനങ്ങൾ. തിരൂർ താലൂക്ക് കേന്ദ്രീകരിച്ച് സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും നടത്തിയ  പരിശോധനയിൽ മതിയായ യോഗ്യതയില്ലാത്ത ഡ്രൈവർമാരെവച്ചും ആവശ്യമായ രേഖകളില്ലാതെയും  കുട്ടികളെ കുത്തിനിറച്ചും  സർവീസ് നടത്തുന്ന 77 സ്കൂൾ വാഹനങ്ങൾക്കെതിരെ  നടപടിയെടുത്തു.  വിവാഹ  സർവീസ് നടത്തിയ സ്കൂൾ ബസിനെതിരെയും നടപടിയെടുത്തു.  
പ്രൈവറ്റ് വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോയ 22 പേർ,  മൊബൈൽ ഫോണിൽ സംസാരിച്ച‌് ഡ്രൈവുചെയ‌്ത ആറ‌ുപേർ, അപകടകരമായി ഡ്രൈവ‌് ചെയ‌്ത  32 പേർ, ലൈസൻസില്ലാതെ വാഹനമോടിച്ച 57 പേർ, ഇൻഷുറൻസ് ഇല്ലാത്ത 69 പേർ,  നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്ത 23 പേർ, ഫിറ്റ്നസ് പേപ്പർ ഇല്ലാത്ത 28 പേർ,  പെർമിറ്റില്ലാത്ത 21 പേർ,  ഓവർലോഡ് ‌എടുത്ത എട്ട‌ുപേർ, എയർ ഹോൺ ഉപയോഗിച്ച 53 പേർ, സ്കൂൾ സമയങ്ങളിൽ സർവീസ് നടത്തിയ ഏഴ‌് ടിപ്പർ  തുടങ്ങിയ കേസുകളിലാണ‌്  നടപടി. 
3,48,430  രൂപ പിഴ ഈടാക്കി. ജില്ലയിൽ ആദ്യമായാണ് ഒരു താലൂക്ക് കേന്ദ്രീകരിച്ച് ഒറ്റദിവസംകൊണ്ട് ഇത്രയും വാഹനങ്ങൾക്കെതിരെ നടപടി എടുക്കുന്നത്.   മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം സുരേഷിന്റെയും ജില്ലാ ആർടിഒ അനൂപ് വർക്കിയുടെയും, എൻഫോഴ്സ‌്മെന്റ‌് ജില്ലാ ആർടിഒ ടി ജി ഗോകുലിന്റെയും നേതൃത്വത്തിൽ 10 സ്ക്വാഡുകളായി 35 ഉദ്യോഗസ്ഥർ പരിശോധനക്ക‌് നേതൃത്വംനൽകി.
 
പ്രധാന വാർത്തകൾ
 Top