22 March Friday

തിരൂരിൽ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
തിരൂർ
കനത്ത മഴയിലും കാറ്റിലും പയ്യനങ്ങാടി ആലിൻചുവട്ടിൽ നൂറുകണക്കിന് മരങ്ങൾ കാറ്റിൽ വീണു. അഞ്ചോളം വീടുകളും തകർന്നു. ചൊവ്വാഴ്ച രാത്രിയിലുണ്ടായ മഴയിലും ചുഴലിക്കാറ്റിമാണ് മരങ്ങൾ വീണത്. 
വൻ തേക്കുകളും പുളിമരങ്ങളും തെങ്ങുകളും മുറിഞ്ഞുവീണു. ആലിൻചുവടിൽ മരങ്ങൾ കടപുഴകി  മുണ്ടേക്കാട്ട് മുസ്തഫ കമാൽ, മുണ്ടേക്കാട്ട് സഹീർ ബാബു, ചെറാട്ടയിൽ ഷംസു, പരിപ്പറമ്പിൽ ഗഫൂർ, പരിപ്പറമ്പിൽ അനീഷ് കൊണ്ടാരത്ത് അലി എന്നിവരുടെ വീടുകളാണ് തകർന്നത്. ഇലക്ട്രിക് ലൈനുകൾ വീണതിനാൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കൃഷിയും വ്യാപകമായി നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡിസാസ്റ്റർ മാനേജ്മെന്റ‌് ഡെപ്യൂട്ടി തഹസിൽദാർ കെ മധുസൂദനൻ പറഞ്ഞു. കൃഷി ഓഫീസർ സ്ഥലം  സന്ദർശിച്ച് നഷ്ടപരിഹാരം കണക്കാക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ നീക്കംചെയ്തു. 
സംഭവസ്ഥലം നഗരസഭാ ചെയർമാൻ കെ ബാവ, കൗൺസിലർ സി കുഞ്ഞീതു, സിപിഐ എം നേതാക്കളായ വി ഗോവിന്ദൻകുട്ടി, റഹീം മേച്ചേരി, വി ബഷീർ എന്നിവർ സന്ദർശിച്ചു.
പാലം വെള്ളത്തിൽ മുങ്ങി 
പാണ്ടിക്കാട്  
വെള്ളിയാർ കരകവിഞ്ഞൊഴുകിയതോടെ പാണ്ടിക്കാട് ‐മേലാറ്റൂർ പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന തൊണ്ണൻകടവ്‌ പാലം വെള്ളത്തിലായി.  ഇതോടെ എടയാറ്റൂർവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഗതാഗതത്തിന് തടസ്സമാകുംവിധം പാലം വെള്ളത്തിലായത്. ബുധനാഴ്ച പുലർച്ചെയാണ്  വെള്ളം കയറിയത്.
സ്കൂൾമതിൽ ഇടിഞ്ഞുവീണു
മേലാറ്റൂർ
കനത്ത മഴയിൽ ചുങ്കം പള്ളിക്കുത്ത് ജിഎൽപി സ്കൂൾ മതിൽ ഇടിഞ്ഞുവീണു. സ്കൂളിന്റെ പള്ളിക്കുത്ത് പാതയോരത്തെ മതിലിന്റെ പത്തടിയോളംവരുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞിട്ടുള്ളത്. കരിങ്കല്ലിൽകെട്ടിയ മതിലിന്റെ  കാലപ്പഴക്കമാണ് ഇടിയാൻ കാരണം.
പാലം തകർച്ചാ
ഭീഷണിയിൽ
എടക്കര
തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ  പോത്ത്കല്ല് പാതാറിലെ ഇഴുവതോട് പാലം അപകടഭീഷണിയിൽ. പാലത്തിന്റെ ഒരുവശത്തെ തൂണിനോടനുബന്ധിച്ച കെട്ടുകളും തകർന്നിരിക്കുകയാണ‌്.   
രണ്ടാഴ്ചമുമ്പ് നിർത്താതെ പെയ്ത കനത്ത മഴയിലും വെള്ളപ്പാച്ചിലിലും പാലത്തിന്റെ ഒരു തൂണിനടിവശം തകർന്നിരുന്നു.   മഴവിട്ടുനിന്നപ്പോഴാണ് പാലത്തിന്റെ  ഒരു കാലിനടിവശം പൂർണമായി ഒലിച്ചുപോയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത‌്.  
ഉടനെ പ്രദേശവാസികൾ ഒത്തുകൂടി ഭാരമുള്ള വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത വിധം  പാലത്തിനൊരുഭാഗം അടച്ചു.   
മഴ നിലച്ചപ്പോൾ ചെറിയ വാഹനങ്ങൾക്കായി പിന്നീട് തുറന്നുകൊടുത്തു. 
എന്നാൽ  ‌മഴ വീണ്ടും ശക്തിയായതോടെ പ്രശ‌്നം രൂക്ഷമായി.  മലാംകുണ്ടിൽനിന്ന‌് ഞെട്ടിക്കുളത്തേക്കും  വെള്ളിമുറ്റത്തേക്കും എത്തണമെങ്കിൽ ഇഴുവതോട് പാലംകടക്കണം. 25 വർഷംമുമ്പ് ചുങ്കത്തറ  പഞ്ചായത്താണ്  പാലം പണിതത്. 
പാലത്തിന്റെ കാലുകൾ ബലപ്പെടുത്തണമെന്നും സമീപത്തുതന്നെ പുതിയ പാലത്തിന് അനുമതി നൽകുന്നതിനായുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സുരേഷ് പാതാർ ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top