22 May Wednesday

കാർഷിക കടാശ്വാസം 48 കോടി; വയനാട്ടിൽ 18 കോടി

പി ഒ ഷീജUpdated: Friday Apr 12, 2019
കൽപ്പറ്റ
കാർഷിക കടാശ്വാസ കമീഷൻ സംസ്ഥാനത്തെ കർഷകർക്ക‌്  കടാശ്വാസ ആനുകൂല്യമായി  വിതരണം ചെയ‌്തത‌് 47,80,90,225 രൂപ. ഇതിൽ 18,54,67,443 രൂപയാണ‌് വയനാട‌് ജില്ലയിലെ 6029 കർഷകർക്കായി വിതരണം ചെയ‌്തത‌്. മുൻ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കുടിശ്ശികയാക്കിയ 31,23,41,887 രൂപയും വിതരണം ചെയ‌്തത‌് എൽഡിഎഫ‌് സർക്കാരാണ‌്.  പിണറായി  സർക്കാർ അധികാരത്തിൽ വന്നതോടെ 33,59,97,993 രൂപയുടെ കടാശ്വാസം അനുവദിച്ചതിൽ 20,20,38,700 രൂപയും വിതരണം ചെയ‌്തു.
 കർഷക ആത്മഹത്യ രൂക്ഷമായ സാഹചര്യത്തിലാണ‌് കടക്കെണിയിലായ കർഷകരെ സഹായിക്കാൻ 2007ൽ വി എസ‌് സർക്കാർ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചത‌്. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ‌്പകളാണ‌് കമീഷൻ പരിഗണിച്ചത‌്. എൽഡിഎഫ‌് ഭരണകാലത്ത‌് നിരവധി കർഷകർക്ക‌് കടാശ്വാസ ആനുകൂല്യം ലഭിച്ചു.  ഇതോടെ കർഷക ആത്മഹത്യ അവസാനിച്ചു. എന്നാൽ തുടർന്ന‌് വന്ന യുഡിഎഫ‌് സർക്കാർ കടാശ്വാസം അനുവദിക്കാതെ കർഷകരെ അവഗണിക്കുകയായിരുന്നു. എൽഡിഎഫ‌്‌ വീണ്ടും അധികാരത്തിലെത്തിയതോടെ  ആശ്വാസ നടപടികൾ  വേഗത്തിലാക്കി.  കടാശ്വാസ കമീഷൻ നടത്തുന്ന സിറ്റിങ്ങുകളിൽ പാസാക്കുന്ന തുക  കാലതാമസം കൂടാതെ കർഷകർക്ക‌് ലഭ്യമാക്കി.
കുടാതെ  കർഷകരെ കടക്കെണിയിൽനിന്ന‌് മോചിപ്പിക്കാനുള്ള നടപടികളും  ഊർജിതമാക്കി. വയനാട‌്, ഇടുക്കി ജില്ലകളിൽ കടാശ്വാസത്തിന‌് പരിഗണിക്കുന്ന വായ‌്പയുടെ കാലാവധി 2018 ആഗസ‌്ത‌് 31 വരെ ദീർഘിപ്പിച്ചു. 
രണ്ട‌ുലക്ഷം രൂപ വരെയുള്ള  കാർഷിക വായ‌്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു.  സഹകരണബാങ്കുകൾക്ക‌് പുറമെ മറ്റ‌് ബാങ്കുകളിൽനിന്നുള്ള വായ‌്പകളും കടാശ്വാസ കമീഷൻ പരിധിയിൽ കൊണ്ട‌ുവരാൻ തീരുമാനിച്ചു. കാർഷിക വായ‌്പകളുടെ മൊറോട്ടോറിയം കാലാവധി 2019 ഡിസംബർ 31 വരെ നീട്ടി. കർഷകർക്ക‌് കൃഷി ചെയ്യാൻ പലിശരഹിത വായ‌്പ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്. 
വയനാട‌് ജില്ലയിലെ കർഷകർക്കായി 1000 കോടിയുടെ വയനാട‌് പാക്കേജ‌് അനുവദിച്ചു. ഈ പദ്ധതിയിലുൾപ്പെടുത്തിയാണ‌് വാര്യാട‌് കാർബൺ ന്യൂട്രൽ കോഫി പാർക്ക‌് സ്ഥാപിക്കുന്നത‌്. 
10 കോടി രൂപയുടെ പുഷ‌്പ കൃഷി പദ്ധതിയും നടപ്പാക്കി വരുന്നുണ്ട‌്. കുടാതെ കർഷകർക്ക‌് 26.30 പൈസ താങ്ങ‌ുവില നൽകിയാണ‌് നെല്ല‌് സംഭരിക്കുന്നത‌്. മൂന്ന‌് ദിവസത്തിനകം കർഷകർക്ക‌് പണവും നൽകിവരുന്നുണ്ട‌്. പരമ്പരാഗത നെൽകൃഷി ചെയ്യുന്ന കർഷകർക്ക‌് പതിനായിരം രൂപ അധിക സഹായമായി നൽകുന്നുണ്ട‌്. വിളനാശത്തിന്റെ നഷ‌്ടപരിഹാരവും ഇരട്ടിയാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top