21 February Friday

പോരായ‌്മയുടെ ചൂളംവിളി

എ രാധാകൃഷ‌്ണന്‍Updated: Tuesday Feb 12, 2019

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷൻ

വള്ളുവനാടിന്റെ സിരാകേന്ദ്രം, ആശുപത്രി നഗരം, ക്ഷേത്രനഗരി... ബഹുമതികളേറെയുണ്ട‌് ‘അങ്ങാടിപ്പുറ’ത്തിന‌്. 
എന്നാൽ അങ്ങാടിപ്പുറം റെയിൽവേ സ‌്റ്റേഷനിലേക്കുവന്നാൽ ആ പ്രതാപത്തിന്റെ ചൂളംവിളിയില്ല. പകരം അവഗണനയുടെ പാളങ്ങൾ കാണാം. 
നിലമ്പൂർ–-ഷൊർണൂർ പാതയിൽ ഏറ്റവുംകൂടുതൽ വരുമാനം ലഭിക്കുന്ന ഈ റെയിൽവേ സ‌്റ്റേഷന്റെ വികസനത്തിന് കാലങ്ങളായി കേന്ദ്രസർക്കാരും റെയിൽവേയും ഒന്നുംചെയ‌്തില്ല. പ്രദേശം പ്രതിനിധീകരിക്കുന്ന എംപിയും കണ്ണടച്ചു. 
വികസനത്തിന്റെ വിളികേൾക്കാൻ കേന്ദ്ര ബജറ്റിൽ കണ്ണുനട്ടിരുന്നിട്ടും ഫലമുണ്ടായില്ല. 
നിലമ്പൂർ–-ഷൊർണൂർ ലൈനിൽ  ഏറ്റവും കൂടുതൽ യാത്രക്കാർ കയറുന്നത് അങ്ങാടിപ്പുറത്തുനിന്നാണ്. ജില്ലാ ആസ്ഥാനത്തോട്  അടുത്ത സ്റ്റേഷൻ, ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക‌് എളുപ്പമെത്താനുള്ള മാർഗം എന്നിവയാണ‌് തിരക്ക‌് വർധിപ്പിക്കുന്ന ഘടകം. 
കുടിയേറ്റ മേഖലയായ പരിയാപുരം, മാലാപറമ്പ് ഭാഗവുമായി മധ്യതിരുവിതാംകൂറിനുള്ള ബന്ധവും യാത്രക്കാർ കൂടാൻ കാരണമാണ‌്. എന്നാൽ അതിനൊത്ത സജ്ജീകരണം ഇവിടെയില്ല. 
പ്ലാറ്റ‌്ഫോമിലൂടെ 
നെട്ടോട്ടം 
നിലമ്പൂർ–-ഷൊർണൂർ പാതയിലെ ക്രോസിങ‌് സ‌്റ്റേഷനാണ‌് അങ്ങാടിപ്പുറം. 
എന്നാൽ മേൽപ്പാലമില്ല. രണ്ടാമത്തെ പ്ലാറ്റ‌്ഫോമിന് മേൽകൂരയുമില്ല. വെയിലും മഴയും കൊള്ളുകതന്നെ വേണം. പതിനാലുതവണ ട്രെയിൻ വരുമ്പോഴും ഒരു പ്ലാറ്റ‌്ഫോമിൽനിന്ന‌് അടുത്തതിലേക്ക‌് പാളത്തിലൂടെ കൈക്കുഞ്ഞുങ്ങളും ലഗേജുമായി യാത്രക്കാരുടെ നെട്ടോട്ടം പതിവുകാഴ‌്ച. മേൽപ്പാലം പണിയാൻ ടെന്‍ഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗം. 
പ്ലാറ്റ്ഫോമുകളിലും റെയിൽവേ സ്റ്റേഷനിലേക്ക് ദേശീയപാതയിൽനിന്ന‌് എത്താനുള്ള റോഡുകളിലും ആവശ്യത്തിന‌് ലൈറ്റുകളില്ല. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് ഇവിടം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ സംസ്ഥാന സർക്കാരിനോ, പഞ്ചായത്തിനോ ലൈറ്റുകൾ സ്ഥാപിക്കാനോ റോഡ് അറ്റകുറ്റപ്പണിക്കോ കഴിയാത്ത അവസ്ഥയാണ്.
നീണ്ടവരിയിൽ നിന്നേ പറ്റൂ 
ദീർഘദൂരയാത്രക്കാർക്ക് സ്റ്റേഷനിൽ റിസർവേഷൻ സൗകര്യമുണ്ടെങ്കിലും കൗണ്ടറുകൾ കുറവാണ‌്. അതിനാൽ നീണ്ട നിരയാണ‌്. 
ടിക്കറ്റെടുക്കാൻ നിൽക്കുന്നവരും മഴയും വെയിലും കൊള്ളണം. വാഹന പാർക്കിങ്ങിനും സൗകര്യമില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top