തേഞ്ഞിപ്പലം
നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച് ആടിയും പാടിയും കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ വിദ്യാർഥികളുടെ ഉത്സവം. ‘സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ബഹുസ്വരതയുടെ ലോകത്തേക്ക്’ മുദ്രാവാക്യമുയർത്തി ഫെസ്റ്റിവൽ ഓഫ് ഫ്രീഡം എന്ന പേരിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചത്.
സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനംചെയ്തു. എഴുത്തുകാരും പ്രഭാഷകരുമായ റഫീഖ് ഇബ്രാഹിം, സി ജംഷീദ്അലി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇ അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, കേന്ദ്രകമ്മിറ്റി അംഗം ടി പി രഹന സബീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തേജസ് കെ ജയൻ, ഐ പി മഹറൂഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സക്കീർ സ്വാഗതം പറഞ്ഞു.
ഘോഷയാത്രയിൽ വട്ടപ്പാട്ട്, കോൽക്കളി, ഭരതനാട്യം, ഒപ്പന, സാന്താക്ലോസ് വേഷം, ചാക്യാർകൂത്ത്, തെയ്യം, കളരി, ചവിട്ടുനാടകം, ക്ലാസിക്കൽ ഡാൻസ്, ഫെയ്സ് പെയിന്റിങ്, മാവേലി, നവോത്ഥാന നായകൻമാരുടെ വേഷം തുടങ്ങിയവ അണിനിരന്നു. സാംസ്കാരിക സമ്മേളനത്തിനുശേഷം വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.