19 March Tuesday

മത്സരിക്കാൻ കൂടുതൽ സീറ്റ‌് ലക്ഷ്യമിട്ട‌് ലീഗ‌്

സ്വന്തം ലേഖകൻUpdated: Saturday Jan 12, 2019
 
മലപ്പുറം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനുള്ള മുസ്ലിംലീഗ‌് നീക്കം ചെറുക്കാൻ കോൺഗ്രസ‌്.  യുഡിഎഫ‌് ഭരണകാലത്ത‌്  അഞ്ചാം മന്ത്രിപദം ഏൽപ്പിച്ച മുറിവ‌് ഇനിയും ഉണങ്ങിയിട്ടില്ലെന്നും പുതിയനീക്കം ഏതുവിധേനയും നേരിടുമെന്നും ചില കോൺഗ്രസ‌് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന്റെ നില പരിതാപകരമാണെന്നും ലീഗിന്റെ തണലിലാണ‌് കോൺഗ്രസും  മുന്നണിയും നിലനിൽക്കുന്നതെന്നുമുള്ള ഭാവമാണ‌് ലീഗിന‌്.
കോൺഗ്രസിന്റെ അമിത അവകാശവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ‌് ലീഗിന്റെ വാദം. പല മണ്ഡലങ്ങളിലും കോൺഗ്രസ‌് സ്ഥാനാർഥികളുടെ വിജയത്തി‌ന്റെ അടിത്തറ ലീഗ‌് വോട്ടുകളാണെന്നും അർഹിക്കുന്ന പ്രാതിനിധ്യം  തങ്ങൾക്ക‌്  ലോക‌്സഭയിൽ ഇല്ലെന്നും ലീഗ‌് വിലയിരുത്തുന്നു. ലീഗിന്റെ വിലപേശലുകളാണ‌് പാർടിയുടെ പരമ്പരാഗത വോട്ടുകൾ നഷ്ടമാക്കിയതെന്ന‌് കോൺഗ്രസുകാർ തിരിച്ചടിക്കുന്നു. രാജ്യസഭാസീറ്റ‌്  കെ എം മാണിക്ക‌് അടിയറവയ‌്ക്കാൻ കളിച്ചത‌് ലീഗാണെന്ന കാര്യം മറന്നിട്ടില്ലെന്നും കോൺഗ്രസ‌് നേതാക്കൾ  ഓർമിപ്പിക്കുന്നു.
നിയസഭയിലെ അംഗബലവും വോട്ടും അടിസ്ഥാനമാക്കിയുള്ള പരിഗണന കിട്ടിയേ തീരൂവെന്നും ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ‌്ചക്കില്ലെന്നും  ലീഗ‌് നേതൃത്വത്തിൽ അഭിപ്രായമുണ്ട‌്. അണികൾക്കും അതേ വികാരംതന്നെ. ദേശീയ ജനറൽ സെക്രട്ടറിപി കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട‌്  ലീഗിൽ നീക്കം ആരംഭിച്ചിട്ടുണ്ട‌്. ബഹിഷ‌്കരണമെന്ന പാർടിധാരണക്ക‌് വിരുദ്ധമായി മുത്തലാഖ‌് ബില്ലിൽ വോട്ടുചെയ‌്ത‌് സഭയിൽ ഇല്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയ ഇ ടി മുഹമ്മദ്‌ ബഷീറിന്റെ തന്ത്രം ഇതിന്റെ സൂചനയായി വിലയിരുത്തുന്നു. കുഞ്ഞാലിക്കുട്ടിയെ ചതിയിലൂടെ ഒറ്റപ്പെടുത്തി ആക്രമിച്ചത‌ിൽ അദ്ദേഹത്തിന്റെ അനുയായികൾക്ക‌് അമർഷമുണ്ട‌്. 
ലോക‌്സഭയിലേക്ക‌്  ലീഗ‌് ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിച്ചേക്കുമെന്ന സൂചന കുഞ്ഞാലിക്കുട്ടിതന്നെയാണ‌് നൽകിയത‌്. മുമ്പ‌് കാസർകോട്ടും വടകരയിലുമെല്ലാം  മത്സരിച്ചിട്ടുണ്ടെന്നാണ് വാദം. വടകര നൽകാൻ കോൺഗ്രസ‌് ഒരുക്കമല്ല. പിന്നെയുള്ളത്‌ കാസർകോടും വയനാടുമാണ‌്. ഇതുരണ്ടും നൽകുന്നത്‌ ആത്മഹത്യാപരമാണെന്ന‌് കോൺഗ്രസിലെ യുവനേതാക്കൾ പറയുന്നു. വയനാട്‌ ലക്ഷ്യമിട്ട‌് ലീഗിലെ പ്രമുഖൻ ചരടുവലിയാരംഭിച്ചിട്ടുണ്ട‌്. വയനാട്‌ ലീഗ‌് തട്ടിയെടുത്താൽ കോൺഗ്രസിന്റെ വിമത സ്ഥാനാർഥി രംഗത്തുവരും. പൊന്നാനിയിലും തിരിച്ചടിയാകും.
പ്രധാന വാർത്തകൾ
 Top