19 March Tuesday

മിസ്‌രി പള്ളി മുസ്‌‌രിസ് പദ്ധതിയിൽ ഉൾപ്പെടുത്തും–- സ‌്പീക്കർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പൊന്നാനി മിസ്‌രി പള്ളി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ സന്ദർശിക്കുന്നു

 

പൊന്നാനി
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൊന്നാനി മിസ് രി പള്ളി പൈതൃകസംരക്ഷണ പദ്ധതിയായ മുസ് രിസ് പദ്ധതിയിൽ ഉൾപ്പെടുത്തി പഴയകാല തനിമയോടെ സംരക്ഷിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.  
മിസ് രി പള്ളി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി മുസ് രിസ് ആർകിടെക്റ്റ് ബെന്നി കുര്യാക്കോസ് ശനിയാഴ്ച പള്ളി സന്ദർശിക്കും. കഴിഞ്ഞ മാസം മുസ് രിസ് ഡയറക്ടർ നൗഷാദി​ന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയടക്കമുള്ള പൗരാണിക കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. പൊന്നാനിയുടെ ചരിത്ര ശേഷിപ്പുകളിൽ ഒന്നായ മിസ് രി പള്ളി ആധുനിക രീതിയിൽ പുതുക്കിപ്പണിയുന്നതിനായി പള്ളിയുടെ മുൻഭാഗം പൊളിച്ചിരുന്നു. കാലപ്പഴക്കത്താൽ പള്ളിയുടെ പല ഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്. എന്നാൽ കോൺക്രീറ്റ് കെട്ടിടം പണിതാൽ അതിന്റെ പഴമയും പൈതൃകഭംഗിയും നഷ്ടപ്പെടും. ചരിത്രശേഷിപ്പുകളെ അതേ രീതിയിൽ നിലനിർത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സ്പീക്കർ പറഞ്ഞു.   
സൈനുദ്ദീൻ മഖ്ദൂമിന്റെയും സാമൂതിരിയുടെയും ഊഷ്മളബദ്ധത്തിന്റെയും ഈജിപ്തിന്റെ സൈനിക വ്യാപാര ബന്ധങ്ങളുടെയും ഓർമകളുണർത്തുന്ന പള്ളിക്ക്  500 വർഷത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരൻമാർ വിലയിരുത്തുന്നു. 
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൊന്നാനി കോടതിസമുച്ചയം, പഴയകാല തറവാടുകൾ, ആരാധനാലയങ്ങൾ എന്നിവ പൊന്നാനിയുടെ ചരിത്രശേഷിപ്പുകളാണ്. പൊന്നാനിയുടെ ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്താണ് പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിലൂടെ മുസ് രിസ് പൈതൃകസംരക്ഷണ പദ്ധതിയിൽ പൊന്നാനി ഇടംപിടിക്കുന്നത്.
പള്ളിയുടെ മുൻഭാഗത്തെ ഓടുമേഞ്ഞ ഭാഗം പുതുക്കിപ്പണിയാനായി പൊളിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
മുസ് രിസ് പദ്ധതിയിൽ പള്ളിയെ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പള്ളി പൊളിച്ച് നവീകരിക്കാനുള്ള നീക്കംനടന്നത്. നഗരസഭ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
എന്നാൽ പള്ളി തകർച്ച നേരിട്ടതോടെയാണ് പൊളിച്ചുപണിയാൻ തീരുമാനിച്ചതെന്നും പൈതൃകസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന വിവരം അറിഞ്ഞില്ലെന്നും പള്ളികമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പള്ളിയെ പഴമയോടെ നിലനിർത്തുന്നതിന് പള്ളി കമ്മിറ്റിയുടെ എല്ലാവിധ സഹകരണവും ഉണ്ടാവുമെന്ന് സ്പീക്കർക്ക് ഉറപ്പുനൽകി.
പ്രധാന വാർത്തകൾ
 Top