13 November Wednesday
പ്രളയ ദുരിതാശ്വാസം

പോത്തുകല്ലിൽ ആശ്വാസമായി അദാലത്ത്‌

സ്വന്തം ലേഖകൻUpdated: Friday Oct 11, 2019

പോത്തുകല്ലിൽ റവന്യു വകുപ്പ് സംഘടിപ്പിച്ച സ്പെഷ്യൽ അദാലത്തിൽ പങ്കെടുത്ത ദുരിതബാധിതർ

എടക്കര
അടിയന്തര പ്രളയ ദുരിതാശ്വാസം നൽകുന്നതിനായി വ്യാഴാഴ്ച പോത്തുകല്ലിൽ സംഘടിപ്പിച്ച പ്രത്യേക അദാലത്ത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. 
ആഗസ്‌ത്‌ എട്ടിനുണ്ടായ പ്രളയത്തിൽ 2100 കുടുംബങ്ങളാണ്  ദുരിതത്തിലകപ്പെട്ടത്. ഇതിൽ 1300 കുടുംബങ്ങൾക്ക് സർക്കാർ സഹായധനം അക്കൗണ്ടുകളിലെത്തി. പേര്, വിലാസം, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയ വിവരങ്ങൾ റവന്യു അധികാരികൾക്ക് കൈമാറാത്ത 800 കുടുംബങ്ങൾക്ക്‌ സർക്കാർ ധനസഹായം വിതരണം ചെയ്യാനായിരുന്നില്ല. ഈ കുറവ് നികത്തുന്നതിന്റെ ഭാഗമായും  ജനങ്ങളുടെ സൗകര്യവും കണക്കിലെടുത്താണ് പഞ്ചായത്ത് ഹാളിൽ  സ്പെഷ്യൽ അദാലത്ത് സംഘടിപ്പിച്ചത്. 
പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നവരും പ്രളയകാലത്ത് ബന്ധുവീടുകളിൽ അഭയം തേടിയവരുമായി എല്ലാവരും അദാലത്തിൽ രേഖകളുമായി എത്തിയത് നേട്ടമായി. രാവിലെ ആരംഭിച്ച അദാലത്ത് വൈകിട്ടുവരെ നീണ്ടു.  നിലമ്പൂർ തഹസിൽദാർ വി സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ മുരളീധരൻ, മോഹനകൃഷ്ണൻ, വിജയകുമാർ, രാജഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പത്ത് കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ്‌ സേവനമൊരുക്കിയത്. പ്രളയകാലത്ത് ക്യാമ്പുകളിലെത്തി വിവരശേഖരണം നടത്തിയിരുന്നെങ്കിലും മുഴുവൻ ആളുകൾക്കും ധനസഹായം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. 
ഇവരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക വില്ലേജ്, പഞ്ചായത്ത് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തുകയും വാർഡ് അംഗങ്ങൾ മുഖേന വിതരണം ചെയ്തിരുന്നതായും തഹസിൽദാർ വി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top