17 September Tuesday

ബിയ്യം കായൽ വള്ളംകളി നാളെ ഓളപ്പരപ്പിൽ ആവേശമാകാൻ...

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ബിയ്യം കായലിൽ വള്ളംകളി നടക്കുന്ന ഭാഗം

 

 
പൊന്നാനി  
പൊന്നാനിയുടെ ജനകീയ ആഘോഷമായ ബിയ്യം കായൽ വള്ളംകളി വ്യാഴാഴ്ച. കായൽ രാജാവാകാനുള്ള പോരാട്ടത്തിന് വള്ളങ്ങൾ ഒരുങ്ങി. 
ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ അവിട്ടം നാളിലും നടക്കുന്ന ആചാര മഹോത്സവമാണ് ബിയ്യം കായൽ വള്ളംകളി. പ്രളയദുരന്തത്തെ തുടർന്ന് കഴിഞ്ഞ തവണ മാറ്റിവച്ചു. ഇത്തവണ ആർഭാടങ്ങളില്ലാതെയാണ്‌ നടത്തുന്നത്‌. 23 വള്ളങ്ങളാണ് മത്സരിക്കുന്നത്. 10 മേജർ വള്ളങ്ങളും 13 മൈനർ എ  വള്ളങ്ങളും.
വള്ളംകളി ഉൾപ്പെടെ എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു. ക്ലബ്ബുകളുടെയും നാട്ടുകാരുടെയും ആവശ്യത്തെത്തുടർന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞിയുടെയും ഇടപെടലാണ്‌ ആർഭാടങ്ങളൊഴിവാക്കി ജനകീയ പിന്തുണയോടെ ജലോത്സവം നടത്താൻ അംഗീകാരം കിട്ടിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ  2016ലെ സമ്മാനത്തുകയാണ് ഇത്തവണ നൽകുക. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000, മൂന്നാം സ്ഥാനത്തിന് 10,000 രൂപയും ലഭിക്കും. 
മത്സരം പകൽ 2.30ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി കെ ടി ജലീൽ അധ്യക്ഷനാവും. മത്സരത്തിനുശേഷം ഗാനമേളയും ഉണ്ടാവും.
സുന്ദരിയായി 
ബിയ്യം കായൽ
പൊന്നാനി
വള്ളംകളി മത്സരം കാണാനെത്തുന്നവരെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ് ബിയ്യം കായലോരം ഒരുങ്ങിനിൽക്കുന്നത്‌. ഒരുകോടി ആറുലക്ഷം രൂപയുടെ സൗന്ദര്യവൽക്കരണ നിർമാണ പ്രവൃത്തികളാണ് പൂർത്തിയായത്. ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തിയുള്ള മാറ്റം ഒരു വർഷംകൊണ്ടാണ് യഥാർഥ്യമായത്‌. തൂക്ക് പാലത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ അതിമനോഹരം. നടപ്പാത ടൈൽ വിരിച്ചു. പുത്തൻ വിശ്രമകേന്ദ്രം നിർമിച്ചു. കായലിന്റെ ഭിത്തികെട്ടി സംരക്ഷിക്കുന്നതിനൊപ്പം വള്ളംകളി ഇരുന്ന് കാണാൻ സ്റ്റപ്പ് ഗാലറിയും റെയിൻ ഷെൽട്ടറും  ഒരുക്കി. രണ്ട് ടോയ്‌ലറ്റുകളും നൈറ്റ് പ്രോഗ്രാമുകൾ നടത്താൻ സൗകര്യത്തോടെയുള്ള പോഡിയവും തയ്യാർ. അലങ്കാര വിളക്കുകളുമായി പവലിയൻ പ്രദേശം സുന്ദരിയായി. ടൂറിസം വകുപ്പിന്റെ ഫണ്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്. പവലിയൻ നിർമാണം അടുത്ത ഘട്ടത്തിൽ നടക്കും. പൂർത്തിയാക്കിയ പദ്ധതി വ്യാഴാഴ്ച രണ്ടിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി കെ ടി ജലീൽ, ഇ ടി മുഹമ്മദ് ബഷീർ എംപി, കലക്ടർ ജാഫർ മലിക് എന്നിവർ സംസാരിക്കും.
പ്രധാന വാർത്തകൾ
 Top