23 September Wednesday

സുമോദിന്റെ നെഞ്ചിൽ മൺമറയാതെ ഓർമകൾ...

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020

കവളപ്പാറ ദുരന്തത്തിൽ മാതാപിതാക്കൾ മരിച്ച സ്ഥലവും വീടും നിന്ന പ്രദേശം കാണിക്കുന്ന സുമോദ്

 
എടക്കര > ‘‘എന്റെ അവസാന ശ്വാസം നിലയ്‌ക്കുംവരെ മരണമേ... എന്റെ പ്രിയപ്പെട്ടവരുടെ നിഴലിനെപ്പോലും നീ ആഗ്രഹിക്കാതിരിക്കുക’’ കവളപ്പാറ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും നഷ്‌ടപ്പെട്ട സുമോദിന്റെ ഫേസ്‌ ബുക്ക്‌ വരികൾ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ കണ്ണ്‌ നനയ്‌ക്കുന്നതായി. 
 
മനസ്സിൽ ഓർമകൾ നിറയുമ്പോൾ മനസ്സ്‌ തുറന്ന്‌ ഒന്ന് വിളിക്കാൻ തോന്നിയ എത്രയെത്ര നിമിഷങ്ങളെന്ന്‌ ആ ചെറുപ്പക്കാരൻ നെടുവീർപ്പിട്ടു. കഴിഞ്ഞ ദിവസം  ഓർമദിനത്തിൽ നെഞ്ചകം പിളരുന്ന മനസ്സുമായാണ്‌ കവളപ്പാറയിലെത്തിയത്‌.
 
സുമോദിന്റെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും ഉൾപ്പെടെ ദുരന്തത്തിൽ മരിച്ച 59 പേരുടെ സ്മരണ പുതുക്കി 59 ഡിവൈഎഫ്ഐ പ്രവർത്തകർ  അവയവദാന സമ്മതപത്രം നൽകി.  തീരുമാനമെടുത്തപ്പോൾ ആദ്യ ഫോം പൂരിപ്പിച്ച് നൽകിയത് ഡിവൈഎഫ്ഐ പോത്ത്കല്ല് മേഖലാ വൈസ് പ്രസിഡന്റായ സുമോദായിരുന്നു.
 
വീട്‌ മണ്ണിനടിയിലായ ദുരന്തം നടക്കുമ്പോൾ സുമോദ് ബംഗളൂരുവിൽ ജോലിക്ക് പോയതായിരുന്നു. അന്ന്‌ കവളപ്പാറ തോട്ടിൽ വെള്ളംകൂടി. രാവിലെ സുമോദിന്റെ സഹോദരൻ സുമേഷ് രണ്ട് പേരുടെ ഭാര്യമാരെയും മക്കളേയും ഭാര്യവീടുകളിലേക്ക് മാറ്റി. തിരിച്ച് വന്ന സുമേഷിന് തോട്ടിൽ വെള്ളംകൂടിയതിനാൽ വീട്ടിലെത്താൻ കഴിഞ്ഞില്ല. ഈ സമയത്തായിരുന്നു ഉരുൾപൊട്ടൽ. മാതാപിതാക്കൾ മണ്ണിനടിയിലായി.  മൂന്ന് മക്കളിൽ ഒരാളെ വിവാഹംകഴിച്ചയച്ചിരുന്നു.  സുമോദിനും സുമേഷിനും സർക്കാർ വീട് നിർമാണത്തിന് പത്ത്  ലക്ഷംവീതം നൽകിയിട്ടുണ്ട്‌.  മാതാപിതാക്കൾ മരിച്ചതിനാൽ എട്ട് ലക്ഷം സർക്കാർ ധനസഹായവും ലഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top