26 March Tuesday

'അള്ളാ... അള്ളാ ... എന്ന് വിളിച്ച് കരഞ്ഞിട്ടും മതഭ്രാന്തൻമാർ വെട്ടിനുറുക്കി'; നാട് വിറച്ച താലിബാന്‍ മോഡല്‍ ആക്രമണം

സ്വന്തം ലേഖകൻUpdated: Wednesday Jul 11, 2018

തിരൂർ > 'അള്ളാ.... അള്ളാ ..... എന്ന് ദൈവത്തെ വിളിച്ച് കരഞ്ഞിട്ടും ആ മതഭ്രാന്തൻമാർ വെട്ടിനുറുക്കി..... വടിവാളും ഇരുമ്പ് ദണ്ഡുകളുമായി എത്തിയ മതതീവ്രവാദികൾ പട്ടാപ്പകലാണ് തങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആളുകൾ ഓടിക്കൂടിയതിനാൽ മരണത്തിൽനിന്ന‌് രക്ഷപ്പെട്ടു'..... ഇത് പറയുമ്പോഴും മത്സ്യത്തൊഴിലാളിയായ എ കെ മജീദി​ന്റെ കണ്ണിൽ ഭീതിയുടെ നിഴലാട്ടം. ഓർക്കാൻ ഭയപ്പെടുന്ന താലിബാൻ മോഡൽ ആക്രമണം നടന്ന‌് വർഷം നാല‌് പിന്നിട്ടിട്ടും ആ ആഘാതത്തിൽനിന്ന് മോചിതമായിട്ടില്ല മജീദും   പ്രവാസികൂടിയായ സുഹൃത്ത് ഹർഷാദും.

2014 ജനുവരി 29ന് പകലാണ്  നാടിനെ നടുക്കി എൻഡിഎഫ് താലിബാൻ മോഡൽ പരസ്യ ആക്രമണം നടത്തിയത്. മംഗലം  പഞ്ചായത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മൂന്ന‌് സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതാണ് എൻഡിഎഫുകാരെ പ്രകോപിപ്പിച്ചത്. കൂട്ടായി മേഖലയിലെ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ  എൻഡിഎഫിന്റെ പിന്തുണ ലീഗ് സ്ഥാനാർഥികൾക്കായിരുന്നു. സിപിഐ എം നേതാവ് സി പി ഷുക്കൂർ അടക്കം മൂന്ന് സീറ്റിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചതോടെ ലീഗിന്റെയും എൻഡിഎഫിന്റെയും സമനില തെറ്റി.  എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം കടന്നുപോകുന്നതിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് കയറ്റി അക്രമത്തിനാണ് എൻഡിഎഫ് പ്രവർത്തകർ ശ്രമിച്ചത്. ഇത് വാക്കുതർക്കത്തിന് ഇടയാക്കിയെങ്കിലും സിപിഐ എം നേതാക്കൾ ഇടപെട്ട്  ശാന്തമാക്കി.
 
ആഹ്ലാദ പ്രകടനം കൂട്ടായി മേഖലയിലേക്ക് പോയപ്പോൾ സിപിഐ എം പുറത്തൂർ ലോക്കൽ കമ്മിറ്റി അംഗം എ കെ മജീദും സിപിഐ എം അനുഭാവിയായ പണ്ടായി ഈസ് പാടത്ത് ഹർഷാദും കാറിൽ പുറത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് പോകുകയായിരുന്നു. കാർ മംഗലം അങ്ങാടി കഴിഞ്ഞ് 100 മീറ്റർ പിന്നിട്ടപ്പോഴേക്കും രണ്ട‌് ബൈക്കുകളിലായി എത്തിയ ആശാൻ പടി സ്വദേശി മജീദ്, ആലത്തിയൂർ സ്വദേശി സാബി നൂൽ അടക്കം നാല‌് എൻഡിഎഫ് പ്രവർത്തകർ ബൈക്ക് കാറിന് മുന്നിലിട്ട് തടഞ്ഞു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി എ കെ മജീദിനെ കാറിൽനിന്ന‌് വലിച്ച് റോഡിലേക്കിട്ട് വാളുകൊണ്ട് വെട്ടി. ഇത് തടയാൻ ശ്രമിച്ച ഹർഷാദിനെയും വലിച്ച് റോഡിലേക്കിട്ടു. ഇതിനിടെ വടിവാളും ഇരുമ്പ് ദണ്ഡുകളുമേന്തി ഒരു സംഘം എൻഡിഎഫ് പ്രവർത്തകർ എത്തി ഭീകരമായി ആക്രമിക്കുകയായിരുന്നു. റോഡിലൂടെ പോയ വാഹന ഡ്രൈവർമാരെ വാൾ കാട്ടി ഭീഷണിപ്പെടുത്തിയോടിച്ചു. കാലിനും കൈക്കും ശരീരത്തിലും മാരകമായി പരുക്കേറ്റ ഹർഷാദ് അള്ളാ... എന്ന് ദൈവത്തെ വിളിച്ച് കരയുമ്പോൾ കാലുകൊണ്ട് ചവിട്ടി തുരുതുരാ വെട്ടുകയായിരുന്നു. മജീദിന്റെ വലതുകാൽ വെട്ടേട്ട്  മുറിഞ്ഞുതൂങ്ങി.  
 
കൈകാലുകൾക്കും തലയ്ക്കും അടക്കം എട്ടോളം വെട്ടേറ്റു. ഹർഷാദിനും രണ്ട് കാലിനും കൈയ്ക്കും ശരീരത്തിലുമായി 14 ഓളം വെട്ടേറ്റു. വിവരമറിഞ്ഞ് സിപിഐ എം പ്രവർത്തകർ എത്തിയതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. നാലുമാസത്തെ ലീവിൽ ഗൾഫിൽനിന്ന‌് നാട്ടിലെത്തിയ ഹർഷാദിന് തുടർച്ചയായി മൂന്ന‌് കൊല്ലക്കാലം ചികിത്സ നൽകേണ്ടിവന്നു. ഇന്നും പരസഹായത്താലാണ് ജീവിതം. എല്ലുകൾ നുറുങ്ങിയതിനാൽ രണ്ട് കാലിലും രണ്ട് കൈകളിലും സ്റ്റീൽ കമ്പികൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് ജീവിതം മുടങ്ങി. നാട്ടിൽ ചെറിയ കടയുമായി ജീവിക്കുന്നു. എ കെ മജീദും വർഷത്തോളം  ചികിത്സയിലായിരുന്നു. നടക്കുമ്പോൾ ഇപ്പോഴും കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. തലകറക്കമടക്കമുള്ള രോഗങ്ങൾ പതിവായി.

 

പ്രധാന വാർത്തകൾ
 Top