19 June Saturday

അതിജീവനത്തിന്റെ "ടിക്കറ്റ് '

കെ പി ഭാസ്‌കരൻUpdated: Friday Jun 11, 2021

പെട്രോൾ പമ്പിൽ ജോലിക്ക് നിൽക്കുന്ന കണ്ടക്ടർ നടുവത്ത് പാലക്കാംപൊയിൽ അനീഷ്

 
 
വണ്ടൂർ
‘‘ടിക്കറ്റുകൾ ഏറെ ബാക്കിയാണ്‌. യാത്രക്കാരില്ലാതെ തളർന്നായിരുന്നു ഓരോ ഓട്ടവും. എങ്കിലും നാളെ യാത്രകൾ തുടരുമെന്നും ജീവിതം മുന്നേറുമെന്നും പ്രതീക്ഷിച്ചു. എന്നാൽ വീണ്ടും പൂട്ടുവീണതോടെ ആ യാത്രകളും തടസ്സമായി. ഒടുവിൽ മറ്റ്‌ ജോലികൾ തേടിയിറങ്ങി’–- 19 വർഷത്തോളം ബസിലെ കണ്ടക്ടറായിരുന്ന അനീഷ്‌ (41) പറഞ്ഞു. ബസ്‌ ജോലി ഇല്ലാതായതോടെ  നടുവത്ത് പാലക്കാംപൊയിലിൽ പെട്രോൾ പമ്പിലാണ്‌ അനീഷ്‌ ജോലി ചെയ്യുന്നത്‌. 
കോവിഡ്‌ രണ്ടാം തരംഗവും ഇന്ധനവില വർധനയുമാണ്‌ സ്വകാര്യ ബസ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്‌. കോവിഡ് വ്യാപന ഭീതിയിൽ പൊതുഗതാഗതത്തിന്‌ യാത്രക്കാർ കുറവായിരുന്നു. സർവീസുകൾ വെട്ടിക്കുറച്ചും ജീവനക്കാരെ കുറച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ കോവിഡ്‌ രണ്ടാംതരംഗവും ഇന്ധനവില വർധനയും വീണ്ടും പ്രതിസന്ധിയായത്‌. ഒടുവിൽ തൊഴിലാളികൾ മറ്റ്‌ ജോലികൾ തേടിയിറങ്ങി. പലരും ആദ്യമൊക്കെ സ്വന്തമായി ലോട്ടറി കച്ചവടം, റോഡ് അരികിലെ പഴം, പച്ചക്കറി വിൽപ്പന, ഓട്ടോറിക്ഷാ സർവീസ്‌ തുടങ്ങിയ ജോലികൾ ചെയ്‌തു. എന്നാൽ പതുക്കെ ഓരോന്നായി നിശ്ചലമായി. കുതിച്ചുയർന്ന ഇന്ധനവിലയും സ്വയംതൊഴിലുകൾക്ക്‌  പ്രതിസന്ധിയായി. ഇപ്പോൾ തൊഴിലാളികളുടെ ഏക ആശ്രയം പെട്രോൾ പമ്പുകളാണ്. 10ഉം- 12ഉം മണിക്കൂർ ജോലിയാണ്‌. എങ്കിലും ചെറിയ വരുമാനം ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top