15 May Saturday
മത്സ്യ വൈറസിന്‌ വാക്‌സിൻ

ഗവേഷണ അംഗീകാരവുമായി 
ശ്രീജാലക്ഷ്‌മി

സ്വന്തം ലേഖകൻUpdated: Sunday Apr 11, 2021
മലപ്പുറം
മലപ്പുറത്തിന്റെ യശസ്സ്‌ ലോകമാകെ പടർത്തി ഡോ. ശ്രീജാലക്ഷ്‌മി. തിലാപ്പിയ മത്സ്യത്തെ ബാധിക്കുന്ന വൈറസിനെതിരെ വാക്‌സിൻ വികസിപ്പിക്കാനുള്ള ഗവേഷണത്തിന്‌ അന്താരാഷ്‌ട്ര അംഗീകാരമാണ്‌ ഈ മഞ്ചേരി സ്വദേശിനിയെ തേടിയെത്തിയത്‌. 
അന്താരാഷ്‌ട്ര ശാസ്‌ത്ര ഗവേഷണത്തിലെ സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ്‌ ഇന്റർനാഷണൽ വെറ്ററിനറി വാക്‌സിനോളജി നെറ്റ്‌വർക്ക്‌ (ഐവിവിഎൻ) ഫെലോഷിപ്പിന്‌  ശ്രീജാലക്ഷ്‌മിയെ തെരഞ്ഞെടുത്തത്‌.  'തിലാപ്പിയ ലേക്ക്‌ വൈറസിനെതിരെ (ടിഎൽവി) സംയോജിത വാക്‌സിൻ വികസിപ്പിച്ച്‌ ഇന്ത്യയിലെ തിലാപ്പിയ അക്വാകൾച്ചറിന്റെ സുസ്ഥിരത മെച്ചപ്പെടുത്തുക' എന്നതാണ്‌ പ്രോജക്ട്‌. ബ്രസീൽ, ഈജിപ്‌ത്‌, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വനിതകളാണ്‌ മറ്റ്‌ ഗവേഷകർ. 
സ്‌കോട്ട്‌ലാന്‍ഡിലെ മോർഡൺ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഡോ. കിം തോംസൺ, ഡോ. ഡേവിഡ്‌ സ്‌മിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ യുകെയിലെ റോസ്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ്‌ ഗവേഷണം. 10 മാസത്തേക്ക്‌ 46,000 പൗണ്ടാണ്‌ (ഏകദേശം 46.22 ലക്ഷം) പ്രാരംഭ ഗ്രാന്റ്‌. 
ലോകമെമ്പാടുമുള്ള തിലാപ്പിയ കൃഷിയുടെ പ്രധാന വെല്ലുവിളിയാണ്‌ ടിഎൽവി വൈറസ്‌. ഇന്ത്യയിലും ആഗോളതലത്തിലും ടിഎൽവി വൈറസ്‌ പ്രതിരോധിക്കാൻ ചെലവ്‌ കുറഞ്ഞതും മത്സ്യത്തൊഴിലാളികൾക്ക്‌ പ്രായോഗികമായി ഉപയോഗിക്കാവുന്നതുമായ വാക്‌സിൻ വികസിപ്പിച്ചെടുക്കുക എന്നതാണ്‌ ഗവേഷണത്തിന്റെ ലക്ഷ്യം. 
ഈ വലിയ അംഗീകാരത്തിൽ അഭിമാനമേറെയെന്ന്‌ ശ്രീജ പ്രതികരിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. വാക്‌സിൻ യാഥാർഥ്യമായാൽ കേരളത്തിലെ മത്സ്യമേഖലയ്ക്ക്‌ അതേറെ ഗുണംചെയ്യും. 
കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ ജനിതക ഘടകങ്ങൾ നിർണയിക്കുന്ന പഠനത്തിൽ ജർമനിയിലെ ട്യൂബിംഗൻ യൂണിവേഴ്‌സിറ്റിയെ ശ്രീജ പ്രതിനിധീകരിച്ചു. മഞ്ചേരി വായപ്പാറപ്പടി എം ഗോപാലകൃഷ്‌ണന്റെയും വത്സല ഗോപാലകൃഷ്‌ണന്റെയും മകളാണ്‌. മലപ്പുറം സെന്റ്‌ ജെമ്മാസ്‌ സ്‌കൂൾ, മഞ്ചേരി യൂണിറ്റി കോളേജ്‌, കലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. ജർമനിയിലെ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽനിന്ന്‌ ബയോകെമിസ്‌ട്രിയിൽ പിഎച്ച്‌ഡി നേടി.  കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആൻഡ്‌ ഓഷ്യൻ സ്‌റ്റഡീസ്‌ (കുഫോസ്‌) അസി. പ്രൊഫസർ ഡോ. പ്രീതമാണ്‌ ഭർത്താവ്‌. മക്കൾ: പ്രാർഥന, പവൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top