20 August Tuesday

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
അങ്ങാടിപ്പുറം
വള്ളുവനാടിന്റെ ദേശീയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാട് വ്യാഴാഴ്ച. ഇനി 11നാൾ മേളപ്പെരുക്കങ്ങളുടെ കൂട്ടലും കിഴിക്കലുമായി അങ്ങാടിപ്പുറത്തിന്റെ രാപ്പകലുകൾ. പൂരത്തിന്റെ മുന്നോടിയായി നടന്ന എട്ട‌് ദിവസത്തെ ദ്രവ്യകലശം ചൊവ്വാഴ്ച സമാപിച്ചു. പൂരത്തലേന്ന് നടക്കുന്ന രോഹിണി കളംപാട്ട‌് ബുധനാഴ്ച രാത്രി നടന്നു.
പൂരാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ എഴുന്നള്ളിപ്പാണ് ആദ്യത്തെ ആറാട്ടിനുള്ള  പുറപ്പാടെഴുന്നള്ളിപ്പ്. രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്തോടെയാണ് പുറപ്പാട് ദിവസത്തെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് കൂത്ത് പുറപ്പാടും. 
പത്തിന‌് നാലമ്പലത്തിനകത്ത് പൂരം കൊട്ടി പുറപ്പെടും. ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വടക്കേ നടയിറങ്ങിയാണ് പുറപ്പാടെഴുന്നള്ളിപ്പ്. പുറപ്പാടെഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് ക്ഷേത്രസന്നിധിയിലെത്തുക. ചെറുപുഴയിലെ ആറാട്ട് കാവിൽ ആറാട്ട് കഴിഞ്ഞ് 11ഓടെ പൂരം കൊട്ടിക്കയറും. തുടർന്ന് ക്ഷേത്രമുറ്റത്ത് നടക്കുന്ന മേളത്തിനുശേഷം തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിക്കുന്നതോടെ പകൽപ്പൂരം സമാപിക്കും.
11 ദിവസങ്ങളിത്‍ രാവിലെയും രാത്രിയിലുമായി 21 ആറാട്ടെഴുന്നള്ളിപ്പുകളാണുണ്ടാവുക. മറ്റു ക്ഷേത്രാഘോഷങ്ങളിൽനിന്ന‌് വിഭിന്നമായി തിരുമാന്ധാംകുന്നിൽ മൂന്നാം പൂരദിവസം രാത്രിയാണ് ഉത്സവ കൊടിയേറ്റ്. നാലാം പുരത്തിന് പൂരം മുളയിടൽ, ഏഴാം പൂരത്തിന് ഭഗവതിക്ക് ഉത്സവബലി, എട്ടാംപൂരത്തിന് ഭഗവതിക്കും ഭഗവാനും ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ്, പത്താം പൂരത്തിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11ാം പൂരത്തിന് രാവിലെ കാഴ്ചശീവേലിയും വൈകിട്ട് അനുബന്ധ പൂരം എഴുന്നള്ളിപ്പുകളുമാണ് പൂരാഘോഷത്തിലെ വിശേഷ ചടങ്ങുകൾ. രണ്ടാം പൂര ദിവസം മുതൽ എല്ലാ ദിവസവും പൂരപ്പറമ്പിൽ സോപാനം ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ പ്രൊഫഷണൽ ടീമുകളെ അണിനിരത്തി ഗാനമേള, നൃത്തനൃത്യങ്ങൾ, കഥകളി, മ്യൂസിക്കൽ ഫ്യൂഷൻ, നാടകം എന്നിവയും അരങ്ങേറും. ബുധനാഴ്ച വൈകിട്ട‌് ക്ഷേത്രാങ്കണത്തിൽ മാസ്റ്റർ മഹാദേവനും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി ഏറെ ശ്രദ്ധേയമായി.
ഒന്നാം പൂരദിന പരിപാടികൾ 
(വ്യാഴം ) 
രാവിലെ 8 നങ്ങ്യാർ കൂത്ത്, 830 കൂത്ത് പുറപ്പാട്, 9 പന്തീരടി പൂജ, 10 പൂരം പുറപ്പാട്, 11 കൊട്ടിക്കയറ്റം (പഞ്ചാരിമേളത്തോടെ), 4 ഓട്ടൻതുള്ളൽ, 5.30 നാദസ്വരം, 7 ഡബിൾ തായമ്പക (വാദ്യരത്നം പയ്യാവൂർ നാരായണ മാരാരും നീലീശ്വരം സതീഷ് മാരാരും), രാത്രി 8.30 കേളി കൊമ്പ്പറ്റ്, 9.30 കൊട്ടിയിറക്കം, വെടിക്കെട്ട്, ആറാട്ട് കടവിൽ തായമ്പക (തൃത്താല കേശവദാസ്), 11  കൊട്ടിക്കയറ്റം.
പ്രധാന വാർത്തകൾ
 Top