20 April Saturday

തീരദേശ ഹൈവേ നിർമാണത്തിന് കൂട്ടായിയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019
തിരൂർ
കേരളത്തിന്റെ ഗതാഗതം, - ടൂറിസം മേഖലയുടെ വൻ വികസന കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വല്ലാർപാടം–-വെങ്ങളം തീരദേശ ഹൈവേക്ക് തിരൂർ കൂട്ടായിയിൽ തുടക്കമായി. ആദ്യഘട്ടമായ പടിഞ്ഞാറെക്കര - ഉണ്ണിയാൽ റോഡ് നിർമാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി സുധാകരൻ നിർവഹിച്ചു.
 സംസ്ഥാന സർക്കാർ 6500 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും രൂപരേഖ തയ്യാറാക്കി അംഗീകാരം നൽകുകയുംചെയ്ത തീരദേശ ഹൈവേ കേരളത്തിന്റെ തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ആവിഷ്കരിച്ചത്‌. ഹൗറ മോഡൽ ബ്രിഡ്ജ് അടക്കം
നിരവധി പാലങ്ങളും മേൽപ്പാലങ്ങളും അടങ്ങിയ പദ്ധതിയിൽ 14 മുതൽ 25 മീറ്റർവരെ വീതിയിലാണ് റോഡ് നിർമാണം. വാഹന ഗതാഗതത്തിനും സൈക്കിൾ സവാരിക്കും കാൽനടയാത്രക്കാർക്കും ഹൈവേയിൽ പ്രത്യേകം അടയാളപ്പെടുത്തിയ വഴികൾ ഉണ്ടാകും. കിഫ് ബി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
 തീരദേശ ഹൈവേയുടെ ആദ്യ ഘട്ട നിർമാണ പ്രവൃത്തിയായ തവനൂർ മണ്ഡലത്തിലെ പടിഞ്ഞാറെക്കരമുതൽ താനൂർ മണ്ഡലത്തിൽപ്പെട്ട ഉണ്ണിയാൽവരെയുള്ള 15 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനാണ‌് തുടക്കമായത‌്. കിഫ് ബിയിൽനിന്നും 53 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഈ റോഡ് പ്രവൃത്തി എറ്റെടുത്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിയാണ്. 18 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും. 
ഈ ഹൈവേയിൽ വാഹന ഗതാഗതത്തിന് ഒന്‍പത് മീറ്ററും സൈക്കിൾ പാതക്ക് രണ്ട് മീറ്റും കാൽനടയാത്രക്കാർക്കായി നടപ്പാതയും ഒരുക്കും. ഓവുപാലങ്ങളും ഓടകളും സംരക്ഷണഭിത്തിയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ബസ് ബേകളും നിർമിക്കും.
നിർമാണ പ്രവർത്തനോദ്ഘാടനം കൂട്ടായി എസ്എഎച്ച് എംയുപി സ്കൂളിൽ സജ്ജീകരിച്ച വേദിയിൽ വീഡിയോ കോൺഫറൻസിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കെ എം മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് മെമ്പർ അനിത കിഷോർ, മംഗലം  പഞ്ചായത്ത് പ്രസിഡന്റ‌് ഹാജറ മജീദ്, പുറത്തൂർ  പഞ്ചായത്ത് പ്രസിഡന്റ‌് എൻ പി റഹ്മത്ത് സൗദ, വെട്ടം  പഞ്ചായത്ത് പ്രസിഡന്റ‌് പി പി മെഹറുന്നീസ, നിറമരുതൂർ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സിദീഖ്, മൽസ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം കൂട്ടായി ബഷീർ, ബ്ലോക്ക് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ സി പി ഷുക്കൂർ, ബ്ലോക്ക് മെമ്പർ അഡ്വ. പി നസറുള്ള, പഞ്ചായത്ത് അംഗം എം ഷിജു, അഡ്വ. പി ഹംസകുട്ടി, സി എം പുരുഷോത്തമൻ, ശ്രീനിവാസൻ, സി എം വിശ്വനാഥൻ, ആർ മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. വി വി ബിനു സ്വാഗതവും ഗോപൻ മുകുളത്ത് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top