16 February Saturday

മൃതദേഹം ചുമന്ന‌്, വനപാതയിലൂടെ...

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കുങ്കന്റെ മൃതദേഹം ചുമലിലേറ്റി കാടിനുള്ളിലൂടെ പോകുന്ന ബന്ധുക്കള്‍

 

പൂക്കോട്ടുംപാടം 
 മൃഗങ്ങളെ പേടിച്ച‌്  കാട്ടുപാതയിലൂടെ  എട്ട‌് കിലോമീറ്റർ നടത്തം. ഉൾവനത്തിലെ ആദിവാസി കോളനിയായ അച്ചനളയിലെ കുങ്കന്റെ മൃതദേഹമാണ‌്  സാഹസപ്പെട്ട‌് കുടിലിലെത്തിച്ചത‌്. 
വാർധക്യസഹജമായ അസുഖത്തെ തുടർന്ന‌് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുങ്കൻ ഞായറാഴ‌്ചയാണ‌് മരിച്ചത‌്.  പട്ടികവർഗ വകുപ്പും വനം വകുപ്പും ബന്ധുക്കളുടെ സഹായത്തോടെ ചുമലിലേറ്റിയാണ് മൃതദേഹം വനത്തിനുള്ളിൽ എത്തിച്ചത്.  പൂക്കോട്ടുംപാടത്തെ ജനവാസമേഖലയായ ടി കെ കോളനിയിൽനിന്ന‌് മണിക്കൂറുകൾ സഞ്ചരിച്ചുവേണം  കുങ്കന്റെ കുടിലിലെത്താൻ.  മൃതദേഹവുമായി കുത്തനെയുളള മലഞ്ചെരിവിലൂടെ പകൽ 12ന‌് തുടങ്ങിയ നടത്തം അവസാനിച്ചത‌്  വൈകിട്ട‌് നാലിന‌്.  
അളകളിൽ താമസിക്കുന്നവർക്ക‌് അപകടമോ അപായമേ സംഭവിച്ചാലും ഈ ദുർഘടപാതയിലൂടെവേണം പുറംലോകത്തെത്തിക്കാൻ.  പ്രാക്തന ഗോത്ര വിഭാഗക്കാരായ കോളനിക്കാരെ വനമേഖലയോട‌് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിപ്പിക്കാൻ അധികൃതർ തയാറാണ‌്. എന്നാൽ,  ചോലനായ്ക്കർ വിഭാഗത്തിലെ ഈ കുടുംബങ്ങൾ കാടുവിട്ടുവരുന്നില്ല. പാട്ടക്കരിമ്പ് കോളനി മൂപ്പൻ ഗോപാലനും കോളനിയിലെ യുവാക്കളുമാണ് കുങ്കന്റെ മൃതദേഹം ഉൾവനത്തിൽ എത്തിക്കാൻ മുന്നിട്ടിറങ്ങിയത്. വനം–-പട്ടികവർഗ വകുപ്പ‌് ഇവർക്ക് ആവശ്യമായ സഹായവും നൽകി.
പ്രധാന വാർത്തകൾ
 Top