23 January Wednesday
ലാബ് ഉദ്ഘാടനം ഇന്ന്

മണ്ണിന്റെ ഗുണമറിയാൻ വരൂ തിരുവാലിയിലേക്ക‌്

സ്വന്തം ലേഖകൻUpdated: Friday Jan 11, 2019

തിരുവാലിയിലെ മണ്ണുപരിശോധനാ ലാബ്‌

 

 
തിരുവാലി
വെജിറ്റബിൾ ആൻഡ‌് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന് (വിഎഫ്പിസികെ) കീഴിൽ തിരുവാലിയിൽ പുതുതായി ആരംഭിക്കുന്ന ‘സോയിൽ ആൻഡ‌് പ്ലാന്റ് അനാലിസിസ്' ലാബിന്റെ ഉദ്ഘാടനം വെള്ളിയാഴ‌്ച പകൽ 2.30ന് കൃഷിമന്ത്രി അഡ്വ. വി എസ‌് സുനിൽകുമാർ നിർവഹിക്കും.
    പ്രളയാനന്തര മണ്ണ് പരിപോഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന രണ്ട് ‘സോയിൽ ആൻഡ‌് പ്ലാന്റ് അനാലിസിസ്' ലാബുകളിൽ ഒന്നാണിത്. ആലപ്പുഴ ജില്ലയിലെ തുറവൂരാണ് രണ്ടാമത്തേത‌്. മണ്ണ‌് സാമ്പിളുകൾക്കൊപ്പം,  വിളയുടെ മൂലകങ്ങളുടെ അപര്യാപ്തതകൂടി പരിശോധിക്കാനുള്ള ആധുനിക സജ്ജീകരണവുമുണ്ടാകും. 
    വിഎഫ്പിസികെയുടെ കീഴിലുള്ള മുഴുവൻ പഴം–--പച്ചക്കറി കർഷകർക്കും മണ്ണിന്റെ ആരോഗ്യസൂചിക (സോയിൽ ഹെൽത്ത് കാർഡ്) ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക‌് ഈ ലാബുകളുടെ പ്രവർത്തനം സഹായകമാകും. കർഷകർക്കുള്ള ഉപദേശകകേന്ദ്രമായും പ്രവർത്തിക്കും.   മണ്ണിലടങ്ങിയ പോഷകങ്ങളുടെ തോത‌് കണക്കാക്കി, ഓരോ വിളക്കും വേണ്ടിവരുന്ന വളപ്രയോഗം ശാസ്ത്രീയമായി നിർണയിക്കും. അതിനനുസരിച്ചുള്ള ശുപാർശ കർഷകർക്ക‌് നൽകുകയുംചെയ്യും. സാധാരണ സാഹചര്യങ്ങളിൽ മണ്ണുപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പോഷകസൂചകങ്ങൾ വിളകൾക്കുള്ള കൃത്യമായ വളപ്രയോഗ ശുപാർശ നിശ്ചയിക്കുവാൻ തീർത്തും പര്യാപ്തമാണ്. എന്നാൽ, മണ്ണിലെ പോഷകങ്ങൾ വിളകൾക്ക‌് ലഭിക്കുന്നതിൽ,  രാസ -ഭൗതിക- ജൈവ സന്തുലിതാവസ്ഥ ഏറ്റവും നിർണായകമാണ്. മണ്ണിലെ ഈ സന്തുലിതാവസ്ഥക്ക‌് പ്രളയാനന്തരം മിക്കയിടത്തും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മണ്ണിലെ പോഷകതോതിന്റെ മാത്രം അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തിയാൽ അത് വിളകളിൽ പൂർണതോതിൽ ഫലപ്രദമാകണമെന്നില്ല. മണ്ണുപരിശോധനക്കൊപ്പം, വിളകളുടെ സാമ്പിൾ ടിഷ്യൂകൂടി പരിശോധിച്ചാൽ വിളകളിലെ പോഷകലഭ്യത പൂർണമായും ഉറപ്പാക്കാനാകും.   വിഎഫ്പിസികെയുടെ പുതിയ മണ്ണുപരിശോധനാ ലാബുകളിൽ ഈ സൗകര്യമാണ് അധികമായി ഒരുക്കിയിട്ടുള്ളത്. പകൽ 1.30ന‌്  കാർഷിക സെമിനാറിൽ പ്രളയാനന്തര മണ്ണ് പരിപോഷണം എന്ന വിഷയത്തിൽ പടന്നക്കാട് കാർഷിക കോളേജ് അസോസിയറ്റ് ഡീൻ ഡോ. പി ആർ സുരേഷ് സംസാരിക്കും.
പ്രധാന വാർത്തകൾ
 Top