23 January Wednesday

പാടി മറഞ്ഞെങ്കിലും സ‌്മരണയുണർത്തുന്നു ക്ഷേത്രാങ്കണം

ഇ ബാലകൃഷ്ണൻUpdated: Friday Jan 11, 2019

ഹൈദരലി പുരസ്‌കാരത്തിേലക്കുള്ള ആദ്യ തുക കെ എം സേതുമാധവൻ കൈമാറുന്നു

 
മേലാറ്റൂർ
നളചരിതം മൂന്നാംദിവസത്തിലെ ‘കണ്ടവരാർ വിധി ദുശീലം’ എന്നു തുടങ്ങുന്ന പദം പാടി അവസാനിപ്പിച്ച‌് മരണത്തിലേക്കുപോയ കലാമണ്ഡലം ഹൈദരലി കീഴാറ്റൂരുകാരുടെ മനസ്സിൽനിന്ന‌് ഇന്നും മാഞ്ഞിട്ടില്ല. 
കളിയരങ്ങിൽ നവരസങ്ങളെ പാട്ടിലേക്ക‌് പരാവർത്തനംചെയ്ത കഥകളി സംഗീതജ്ഞന്റെ ദീപ്തസ്മരണയിൽ പുരസ്കാരം ഏർപ്പെടുത്താൻ ഒരുങ്ങ‌ുകയാണ‌് കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പക്ഷേത്രം. ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുരസ്കാരം നൽകുക. കഥകളി സംഗീതവുമായി ബന്ധപ്പെട്ട മികച്ച കലാകാരന്  ഓരോ വർഷവും  പുരസ്കാരം നൽകാനാണ് തീരുമാനം. പ്രതിഭകളെ പ്രത്യേക ജൂറി  തെരഞ്ഞെടുക്കും. പുരസ്കാര ഫണ്ടിലേക്കുള്ള  ആദ്യ തുക ക്ഷേത്രം കാര്യദർശി കെ എം സേതുമാധവൻ ഹൈദരലി അനുസ്മരണ ചടങ്ങിൽ ആഘോഷ കമ്മിറ്റി ട്രഷറർ എം സുജിത്തിന് കൈമാറി.
2006 ജനുവരി അഞ്ചിന‌് കീഴാറ്റൂർ മുതുകുർശിക്കാവിൽനിന്ന‌് മടങ്ങുന്നതിനിടെ വാഹനാപകടത്തിലാണ‌് ഹൈദരലിയുടെ മരണം. അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിക്കാനെത്തിയതായിരുന്നു ഹൈദരലിയും സംഘവും. പദം പാടി അവസാനിപ്പിച്ച‌് ചേങ്ങില പാലനാട് ദിവാകരന് കൈമാറിയായിരുന്നു കീഴാറ്റൂരിൽനിന്നുള്ള മടക്കം.  ബാബു നമ്പൂതിരിയാണ‌് ഏറ്റുപാടിയിരുന്നത്. കലാമണ്ഡലത്തിലേക്കുള്ള യാത്രയിൽ വടക്കാഞ്ചേരിയിലുണ്ടായ കാറപകടത്തിലാണ‌് മരണം. ക്ഷേത്രകലയായ കഥകളിസംഗീതം പഠിച്ചതിനും അവതരിപ്പിക്കുന്നതിനും ആദ്യകാലത്ത് വിലക്കുകളും വിമർശങ്ങളും നേരിടേണ്ടിവന്നു ഹൈദരലിക്ക‌്. 
എല്ലാ വർഷവും ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷച്ചടങ്ങിൽ ഹൈദരലി അനുസ്മരണം സംഘടിപ്പിക്കാറുണ്ട്. വേർപാടിന്റെ  വ്യാഴവട്ടം പിന്നിടുന്ന വേളയിലാണ‌് ഹൈദരലി സ്മാരക പുരസ്കാരം ഏർപ്പെടുത്തുന്നത‌്.
പ്രധാന വാർത്തകൾ
 Top