എടവണ്ണ
വിവരാവകാശ കമീഷൻ കണ്ണുരുട്ടിയപ്പോൾ എടവണ്ണ പഞ്ചായത്തിലെ "കാണാതായ' ഫയൽ തിരികെകിട്ടി.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എടവണ്ണ സ്വദേശി മുഹമ്മദ് അൻസാരിയുടെ വിവരാവകാശത്തിന് പഞ്ചായത്ത് മറുപടി നൽകിയില്ല. അപ്പീലിൽ വാദംകേട്ട വിവരാവകാശ കമീഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. എടവണ്ണ ടൗൺ കുടിവെള്ള പദ്ധതി കണക്ഷന് 2017 മുതൽ 2019 മാർച്ച് 31 വരെ അപേക്ഷിച്ച് പണം അടച്ചവരുടെ പട്ടിക ആവശ്യപ്പെട്ടാണ് മുഹമ്മദ് അൻസാരി വിവരാവകാശം നൽകിയത്. മറുപടിയില്ലാത്തതിനാൽ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചു. വിവരാവകാശ കമീഷൻ സെക്രട്ടറിയെ വിചാരണക്ക് വിളിച്ചപ്പോൾ ഫയൽ കാണുന്നില്ലെന്നായിരുന്നു മറുപടി.
ഫയൽ നഷ്ടപ്പെട്ടെങ്കിൽ പൊലീസിൽ പരാതി നൽകാനായിരുന്നു ഉത്തരവ്. സെക്രട്ടറി എടവണ്ണ പൊലീസിൽ പരാതി നൽകി. 15 ദിവസത്തിനുള്ളിൽ എഫ്ഐആറിന്റെ കോപ്പിയടക്കം കമീഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടു. സെക്രട്ടറി പൊലീസിൽ പരാതിപ്പെട്ടെങ്കിലും മോഷണം പോയെന്ന് ഇല്ലാത്തതിനാൽ കേസെടുത്തില്ല.
വിവരാവകാശ കമീഷൻ വിശദീകരണംതേടിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ക്രമക്കേട് മറച്ചുവയ്ക്കാനാണ് ഫയൽ കാണുന്നില്ലെന്ന മറുപടിയെങ്കിൽ ക്രിമിനൽ കുറ്റമാണെന്ന കമീഷന്റെ മുന്നറിയിപ്പിൽ ഭരണസമിതി ഭയന്നുവെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..