03 December Friday

ഇന്ന് ദേശീയ തപാല്‍ ദിനം സ്വന്തമായി ഭൂമിയുണ്ടായിട്ടും 
തപാല്‍ വകുപ്പ് വാടക കെട്ടിടത്തിൽ

എം സനോജ്Updated: Sunday Oct 10, 2021

നിലമ്പൂര്‍ മുക്കട്ട സബ് പോസ്റ്റ് ഓഫീസ് കെട്ടിടനിര്‍മാണത്തിന് വാങ്ങിയ ഭൂമി
കാടുപിടിച്ചനിലയില്‍

 നിലമ്പൂർ , സ്വന്തമായി ഭൂമിയുണ്ടായിട്ടും ജില്ലയിലെ 88 സബ് തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. ആകെയുള്ള 98 സബ് തപാൽ ഓഫീസുകളിൽ 10 ഓഫീസുകൾക്കുമാത്രമാണ് സ്വന്തമായി കെട്ടിടമുള്ളത്. മഞ്ചേരി ഡിവിഷണൽ ഹെഡ് ഓഫീസിനുകീഴിലെ 46 സബ് പോസ്റ്റ് ഓഫീസുകളിൽ 41 ഉം തിരൂർ ‍‍ഡിവിഷണൽ ഓഫീസിനുകീഴിൽ 52 ൽ 47 സബ് പോസ്റ്റ് ഓഫീസുകളും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.  ഡിവിഷണൽ ഹെഡ് ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടമില്ലാത്ത ഏക ജില്ലയും മലപ്പുറമാണ്. മഞ്ചേരി, തിരൂർ ഡിവിഷൻ ഓഫീസുകളാണ് ഇന്നും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 1970 മുതൽ 1980 വരെ കാലയളവിൽ തപാൽ വകുപ്പ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏക്കറുകണക്കിന് ഭൂമി കെട്ടിട നിർമാണത്തിനായി വാങ്ങിക്കൂട്ടിയിരുന്നു. അഞ്ച് ഹെക്ടറോളം ഭൂമിയാണ് തപാൽ വകുപ്പിന്റെ അധീനതയിൽ ജില്ലയിൽ കാടുമൂടി ക്കിടക്കുന്നത്.  ജീവനക്കാർക്ക് ക്വാര്‍ട്ടേഴ്സ് സമുച്ചയം നിർമിക്കാൻ മഞ്ചേരി കോവിലകംകുണ്ടിൽ വാങ്ങിയ ഒരേക്കർ ഭൂമി ഇന്ന് പ്രധാന മാലിന്യംതള്ളല്‍ കേന്ദ്രമാണ്. സ്ഥിരം കെട്ടിടം നിർമിക്കാൻ നിരവധി തവണ ജീവനക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും മാറി മാറി വന്ന കേന്ദ്ര സർക്കാരുകളിൽനിന്ന്‌ അനുകൂല സമീപനമുണ്ടായില്ല.  വരുമാനത്തോടെ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ പലതും നഷ്ടത്തിലായതോടെ നിലനിൽപ്പിനായി തപാൽവകുപ്പ് പുതിയ മാർഗം തേടേണ്ട അവസ്ഥയിലാണ്‌. ഇതോടെ കെട്ടിടമുണ്ടാക്കുക എന്നത് വകുപ്പിന് വലിയ സാമ്പത്തികബാധ്യതയായി മാറി. മാസാമാസം വാടക കൊടുക്കുന്നതാണ് അതിനെക്കാൾ എളുപ്പമെന്ന തിരിച്ചറിവിലേക്ക് വകുപ്പ്‌ മാറിയതോടെയാണ് കോടികൾ വിലവരുന്ന ഭൂമി കാടുപിടിക്കാൻ തുടങ്ങിയത്. അതിക്രമിച്ച് കടക്കരുതെന്നും മാലിന്യം തള്ളരുതെന്നുമൊക്കെയായി ഇവിടങ്ങളിൽ സ്ഥാപിച്ച ബോർഡ് പോലും പഴകി ദ്രവിച്ച അവസ്ഥയിലാണിപ്പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top