21 October Monday

കുറ്റിയടിച്ച മണ്ണിൽ കൂടാരം ഉയരും

ടി വി സുരേഷ്‌Updated: Tuesday Sep 10, 2019

ഊർങ്ങാട്ടിരി ഓടക്കയം കോളനിയിൽ പ്രളയത്തിൽ തകർന്ന പ്രേമന്റെ വീടിന് പകരം സർക്കാർ നൽകിയ ഭൂമിയിൽ പുതിയ വീടിനായി കുറ്റിയടിച്ചപ്പോൾ

 
മഞ്ചേരി
പുതിയ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിനിടെയാണ്‌  നെല്ലിയായി പ്രേമനെ കണ്ടത്‌. ‘ഉരുൾപൊട്ടൽ ബാക്കിയാക്കിയ ജീവിതം പെരുവഴിലായെന്ന് കരുതിയതാണ്. ഇത്രയുംനാൾ ട്രൈബൽ വകുപ്പിന്റെ കെട്ടിടത്തിൽ താമസിച്ചു. ഇപ്പോൾ എല്ലാം ശരിയായിവരുന്നു. ഭാര്യ ശാന്തയുടെ കണ്ണുകളിലും ആശ്വാസം. 
   എല്ലാ മുൻവിധികളെയും തകിടംമറിച്ചാണ് കഴിഞ്ഞ കാലവർഷം ഓടക്കയത്ത്‌ നാശംവിതച്ചത്‌. ഐടിഡിപി ജീവനക്കാരനായ പ്രേമൻ 10 ലക്ഷം രൂപ വായ്പയെടുത്ത് നിർമിച്ച വീടടക്കം കോളനിയിലെ ഏഴ് വീടുകൾ ഒലിച്ചുപോയി. നാലുവയസുകാരിയായ മകൾ പ്രഭിഷയുമായി കുടുംബം പകച്ചുനിന്ന നാളുകൾ പ്രേമൻ  മറന്നുതുടങ്ങുകയാണ്‌. ദുരിതാശ്വാസ ക്യാമ്പ് അടച്ചതോടെ പ്രേമനെയും കുടുംബത്തെയും ഓടക്കയം സ്‌കൂളിനുപിറകിലുള്ള സാംസ്‌കാരിക ക്ലബ് കെട്ടിടത്തിലേക്ക് മാറ്റി. 
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം നെല്ലിയായി കോളനിയിലെ പ്രേമന് പുതിയ വീടിനെക്കുറിച്ച് സ്വപ്‌നം കാണാൻപോലും ആവുമായിരുന്നില്ല. ഇനിയൊന്നും നടക്കില്ലെന്ന് കരുതിയതാണ്. എന്നാൽ ദുരന്തം നടന്ന് ഏഴാം ദിവസംതന്നെ ആശ്വാസമായി സർക്കാരിന്റെ 10,000 രൂപ ധനസഹായം വന്നു. അവശ്യസാധനങ്ങളടങ്ങിയ കിറ്റും കിട്ടി. 
അപ്പോഴും വീടിന്റെ കാര്യത്തിലായിരുന്നു ആശങ്ക. പ്രേമനെ കൂടാതെ ഉരുൾപൊട്ടലിൽ വീടും സ്ഥലവും ഒലിച്ചുപോയ കോളനിയിലെ രാമകൃഷ്ണൻ, കൃഷ്ണൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവർക്ക് വീടുവയ്‌ക്കാനായി സർക്കാർ അഞ്ച് സെന്റ് ഭൂമിവീതം വാങ്ങിച്ചുനൽകി. ഓടക്കയം സ്‌കൂളിനുസമീപത്തായാണ് പ്രേമൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവർ വീടുവയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വീടിനും കുറ്റിയടിച്ചു. ആദ്യഗഡുവായ 95,100 രൂപ ലഭിച്ചു. കരിങ്കൽ ലഭിച്ചുതുടങ്ങിയാൽ നിർമാണം വേഗത്തിലാകും. 
‘സർക്കാർ നൽകിയ സഹായം വളരെ വലുതാണ് അല്ലെങ്കിൽ വീടെന്നത് സ്വപ്നമായി അവശേഷിക്കുമായിരുന്നു’വെന്ന്‌ പ്രേമൻ പറഞ്ഞു. ആദ്യ വീടിനെക്കാൾ സൗകര്യമുള്ളിടത്താണ് പുതിയ വീട് പണിയുന്നത്. എത്രയുംപെട്ടെന്ന് പുതിയ വീട് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. 
ഉരുൾപൊട്ടലിൽ മരിച്ച ഏഴുപേരുടെ ആശ്രിതർക്കും 10 ദിവസത്തിനകം നാല് ലക്ഷം രൂപവീതം നഷ്ടപരിഹാരവും നൽകിയിരുന്നു. വീടും ഉപജീവനമാർഗവും ഇല്ലാതായവർ സർക്കാരിന്റെ സഹായത്തോടെ പതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറുകയാണ്‌.
പ്രധാന വാർത്തകൾ
 Top