23 March Saturday

മലപ്പുറത്ത്‌ ദുരന്തത്തി​ന്റെ വ്യാപ്തികുറച്ചത് രക്ഷാപ്രവര്‍ത്തനം ; മലയിടുക്കില്‍നിന്ന് അവർ കോരിയെടുത്തത‌് 19 ജീവന്‍

സുരേഷ് പൂവത്തിങ്കല്‍Updated: Friday Aug 10, 2018

ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വീടുകൾ

 എടക്കര > ചെട്ടിയാംപാറ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റ വ്യാപ്തികുറച്ചത് എരുമമുണ്ടയെന്ന മലയോരഗ്രാമത്തിന്റെ കൂട്ടായ‌്മ. അണമുറിയാതെപെയ്യുന്ന പെരുംമഴയിൽ  മുട്ടറ്റംപുതഞ്ഞ ചെളിക്കുഴികളും പാറക്കെട്ടുകളും മരക്കൂട്ടങ്ങളും വകഞ്ഞുമാറ്റി പാറയിടുക്കിലും മറ്റുമായി അഭയംതേടിയവരെ  കോരിയെടുത്ത് അവർ മലയിറങ്ങി. വ്യാഴാഴ‌്ച രാവിലെ ആറോടെ കുട്ടികളടക്കം 19 പേരെയാണ് രക്ഷാസംഘം പുറംലോകത്തെത്തിച്ചത്. 

 ചക്കിട്ടപ്പാറയിൽ ഉരുൾപൊട്ടിയെന്ന വാർത്ത ബുധനാഴ‌്ച രാത്രി 10ഓടെയാണ് നാടറിയുന്നത്. ജീവൻ വകവയ്ക്കാതെ ഗ്രാമമൊന്നടങ്കം മലയടിവാരത്തിലേക്കുകുതിച്ചെത്തി.  നിലമ്പൂരിൽനിന്ന് പൊലീസും വനം, ഫയർഫോഴ്‌സ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചു. 
 
ചാലിയാർ പുഴ കരകവിഞ്ഞ് ജനതപ്പടിയിൽ നാലടി പൊക്കത്തിൽ വെള്ളം വഴിവിട്ടൊഴുകിയത് മാർഗതടസ്സമുണ്ടാക്കി. ഏറെ പണിപെട്ട് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും  മലയടിവാരത്തിലെ  മനുഷ്യജീവനുകളെ പുറത്തെത്തിക്കുന്ന തിരക്കിലായിരുന്നു നാട്ടുകാർ. 
 
 മഴ കനത്തതോടെ  വടംകെട്ടി പ്രദേശത്തേക്കുള്ള വഴി അടച്ചു. പൊലീസും വനം അധികൃതരും മെഗാ ഫോണിൽ അറിയിപ്പുകൾ നൽകികൊണ്ടേയിരുന്നു. അതേസമയം, നാട്ടുകാർ കാടിന്റെ മക്കളെ പുറംലോകത്തെത്തിക്കാനുള്ള തത്രപാടിലായിരുന്നു. മഴയൊന്ന് ശമിച്ചതോടെ പൊലീസ്, വനം, ഫയർഫോഴ്‌സ്, ട്രോമാകെയർ സംഘം പ്രദേശവാസികൾക്കൊപ്പം കൈകോർത്തു. പിന്നെയുള്ള മണിക്കൂറുകൾ ഉദ്വേഗഭരിതമായിരുന്നു.
  
പാറയിടുക്കുകളിൽനിന്ന് രക്ഷപ്പെടുത്തിയവരെ  നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാറ്റി. അവിടെ എരുമമുണ്ട എസ്‌കർ ക്ലബ്ബിലെ യുവാക്കളും എൻഎസ്എസ് വിദ്യാർഥികളും കമ്പിളി പുതപ്പും ധരിക്കാൻ വസ്ത്രങ്ങളും ഭക്ഷണ പൊതികളും നൽകി. വ്യാഴാഴ‌്ച രാവിലെ ഏഴോടെ കുഞ്ഞിയുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് കണ്ടെത്തി. തുടർന്ന് ഗീതയുടെയും രണ്ട് മക്കളുടെയും മിഥുന്റെയും മൃതദേഹവും ലഭിച്ചു. 
 
മേൽക്കുന്നത്ത് ജോസ്, കാരക്കാട്ട് പുത്തൻപുരയിൽ ജോർജ്, രാജു, പൊറ്റക്കാടൻ കുഞ്ഞീതു, ചെരുവിള പുത്തൻവീട്ടിൽ ബിജു, മഞ്ചേരി പറമ്പിൽ രാധാകൃഷ്ണൻ, മാവുങ്കൽ മണി, തുരുത്തി പറമ്പിൽ ബാപ്പു എന്നീ  പ്രദേശവാസികൾ രാത്രിമുതലേയുള്ള രക്ഷാപ്രവർത്തനം പിറ്റേന്ന് വെകിട്ടും തുടർന്നു. 
 
മഴവീണ്ടും ശക്തിപ്രാപിച്ചതോടെ  മലവെള്ളം ക്രമാതീതമായി ഉയർന്നു. അധികൃതർ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. സ്ഥലത്തേക്കുള്ള പ്രവേശനം തടഞ്ഞു. 
 
 ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ സി അബ്ദുൾ റഷീദ്, ചാർജ് തഹസിൽദാർ എം മെഹറലി, ഡിവൈഎസ‌്പി എം പി മോഹനചന്ദ്രൻ, എടക്കര സിഐ സുനിൽ പുളിക്കൻ, വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അശോക് കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ ചന്ദ്രമോഹൻ, രാജഗോപാൽ, നിലമ്പൂർ സിഐ കെ എം ബിജു എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി വി അൻവർ എംഎൽഎ ദുരന്തഭൂമിയും ദുരിതാശ്വാസക്യാമ്പും സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top