25 August Sunday

‘വനിതാമിത്ര’: നിർമാണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Jul 10, 2019

"വനിതാമിത്ര' ഹോസ്റ്റലിന്റെ രൂപരേഖ

 
പെരിന്തൽമണ്ണ
രജതജൂബിലി പദ്ധതിയുടെ ഭാഗമായി നഗരസഭ സംസ്ഥാന വനിതാ വികസന കോർപറേഷനുമായി സഹകരിച്ച‌് നിർമിക്കുന്ന "വനിതാമിത്ര' വർക്കിങ‌് വിമൺസ് ഹോസ്റ്റലിന്റെ നിർമാണം തുടങ്ങി.  നഗരസഭയുടെ ഉടമസ്ഥതയിൽ 20ാം വാർഡിലെ മേലേപ്പറമ്പ് കോളനിയിലുള്ള 50 സെന്റ‌് സ്ഥലത്താണ്  കേന്ദ്രം നിർമിക്കുക. കഴിഞ്ഞവർഷം  മന്ത്രി  കെ കെ ശൈലജ  തറക്കല്ലിട്ട് ഭരണ സാങ്കേതിക നടപടികൾ പൂർത്തിയാക്കിയിരുന്നു. സംസ്ഥാന പൊതുമേഖലാ  പ്രോജക്ട് മാനേജ് ഏജൻസിയായ ഹൈറ്റ്സിന്റെ മേൽനോട്ടത്തിൽ മാളിയേക്കൽ കൺസ്ട്രക്ഷൻസിനാണ് നിർമാണ കരാർ.  എട്ട‌് കോടി നിർമാണച്ചെലവ് വനിതാ വികസന കോർപറേഷനാണ് വഹിക്കുന്നത്. സ്ഥലം നഗരസഭ നൽകും. മൂന്നുനിലകളിലായി 60 റൂമുകൾ സജ്ജമാക്കും. ജോലിക്കാരായ  80 സ‌്ത്രീകൾക്ക‌് കുറഞ്ഞ വാടകയ്ക്ക‌്  താമസ സൗകര്യം ഒരുക്കും. 2020 ജൂണിൽ നിർമാണം പൂർത്തിയാക്കി ഉദ‌്ഘാടന സജ്ജമാകും. കെട്ടിട്ട നിർമാണ സ്ഥലത്തെത്തിയ നഗരസഭയുടെയും വനിതാ വികസന കോർപറേഷന്റെയും പ്രതിനിധികൾ നിർമാണ പ്രവർത്തനം അവലോകനംചെയ‌്തു.  നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം‌, വനിതാ വികസന കോർപറേഷൻ എംഡി  വി കെ ബിന്ദു, റീജണൽ മാനേജർ ഫൈസൽ മുനീർ, നഗരസഭാ വൈസ് ചെയർപേഴ്സണ്‍ നിഷി അനിൽരാജ്,  കൗൺസിലർമാരായ കെ ടി ഉണ്ണികൃഷ്ണൻ, കെ സുന്ദരൻ എന്നിവർ സംഘത്തിലുണ്ടായി.
പ്രധാന വാർത്തകൾ
 Top