മഞ്ചേരി
മെഡിക്കൽ കോളേജിൽ ഇനി അത്യാധുനിക വൈറോളജി ലാബ് ഒരുങ്ങും. ലാബിനായി 1.96 കോടി രൂപ അനുവദിച്ച് സർക്കാർ. കോവിഡ് കാലത്ത് ഒരുക്കിയ പിസിആർ ലാബിനോടുചേർന്നാകും വൈറോളജി ലാബ് സ്ഥാപിക്കുക. സയന്റിസ്റ്റ്, പ്രൊഫസർമാർ, ടെക്നിക്കൽ ജീവനക്കാരേയും നിയമിക്കാനും തീരുമാനമായി. ഒരുമാസത്തിനകം ലാബിനുള്ള
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാണ് നിർദേശം. ഉപകരണങ്ങളും അനുബന്ധ കെമിക്കലുകളും ഉടനെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതർ.
ജില്ലയിൽ വൈറസ് ബാധമൂലമുള്ള രോഗങ്ങൾ പെരുകുന്ന സാഹചര്യമുണ്ട്. ഇതുകൊണ്ടുതന്നെ പിസിആർ ലാബ് പ്രവർത്തനം തുടങ്ങിയതോടെ വൈറോളജി ലാബിനുള്ള പദ്ധതി തയ്യാറാക്കി നൽകിയിരുന്നു.
നിലവിൽ വൈറസ്ബാധ സംശയിക്കുന്ന രോഗികളിൽനിന്നെടുക്കുന്ന സാമ്പിളുകൾ ആലപ്പുഴയിലെയും പുണെയിലെയും വൈറോളജി ലാബിലേക്കയച്ചാണ് പരിശോധിച്ചിരുന്നത്. പലപ്പോഴും ആഴ്‌ചകൾ കഴിഞ്ഞാണ് ഇവിടെനിന്ന് പരിശോധനാഫലം വരുന്നത്. ഇത് ഗുരുതര രോഗികൾക്ക് അടിയന്തര ചികിത്സ നൽകാൻ കാലതാമസമുണ്ടാക്കും. പുതുതായി വരുന്ന വൈറോളജി ലാബ് ആരോഗ്യരംഗത്ത് ജില്ലയ്ക്ക് മുതൽക്കൂട്ടാകും. നിപ, ചെള്ളുപനി, മങ്കിപോക്സ്, ഹെപ്പറ്റൈറ്റിസ് പോലെയുള്ള വൈറസ് രോഗങ്ങൾ ഇവിടെനിന്ന് കണ്ടെത്താനും ചികിത്സ നൽകാനും സാധിക്കും.
ഇ–--ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള ലാബ് നെറ്റ്‌വർക്ക് സംവിധാനവും ബന്ധിപ്പിക്കും. ഇതുവഴി ജില്ലയിലെ മറ്റ് ആശുപത്രികൾക്കും ലാബിന്റെ സേവനം ഉപയോഗിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..