വളാഞ്ചേരി
കുട്ടികളെ മിഠായി കാണിച്ച് അരികിലേക്ക് വരുത്തി മാല പിടിച്ചുപറിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി കാവിൽ കാവുംതറ സ്വദേശി പാറമ്മൽ ബഷീർ (പേരാമ്പ്ര ബഷീർ–-മിഠായി ബഷീർ–- -48)ആണ് പിടിയിലായത്.
പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കൽപ്പകഞ്ചേരി, കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ നടന്ന പിടിച്ചുപറി കേസുകളിലും പ്രതിയാണ്. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം നടത്തി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു. താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപ്പകഞ്ചേരി എസ്ഐ ജലീൽ കറുത്തേടത്തും താനൂർ ഡാൻസഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കളവുമുതൽ വിൽക്കാൻ പ്രതിക്ക് സഹായംചെയ്തുകൊടുത്ത കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി ഷംസുദ്ദീനെ പിടികൂടിയതോടെയാണ് ബഷീറിന്റെ പെരുമ്പാവൂരിലെ ഒളിത്താവളം മനസിലായത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഇരുവരും നിരവധി വാഹനമോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. നാലുമാസംമുമ്പാണ് ജയിലിൽനിന്നും ഇറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..