19 November Tuesday
പൊന്നാനി നഗരസഭ

ചെയർമാനെ ലീഗ്‌ കൗൺസിലർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ലീഗ്‌ അക്രമത്തിൽ പരിക്കേറ്റ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്‌കുഞ്ഞിയും കൗൺസിലർ ഖദീജയും ആശുപത്രിയിൽ

പൊന്നാനി
നഗരസഭാ കൗൺസിൽ യോഗത്തിനിടെ ചെയർമാൻ സി പി മുഹമ്മദ്‌കുഞ്ഞിയെ മുസ്ലിംലീഗ് അംഗം ആക്രമിച്ചു. ഒന്നാം വാർഡ് കൗൺസിലർ പി അത്തീഖാണ് ചെയർമാനെ ആക്രമിച്ചത്‌. തെറിവിളിച്ച് ചെയർമാനുനേരെ പാഞ്ഞടുത്ത അത്തീഖിനെ യുഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം അടങ്ങിയില്ല. മർദനത്തിൽ പരിക്കേറ്റ  ചെയർമാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ്  ചെയർമാനുനേരെ അക്രമം നടക്കുന്നത്‌.
ലൈഫ് ഭവനപദ്ധതി  ചർച്ചയ്ക്കെടുത്തതോടെയാണ്‌ സംഭവത്തിന്‌ തുടക്കം. ചർച്ചയിൽ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം തുടങ്ങി. ചർച്ചയിൽ പങ്കെടുക്കണമെന്ന്‌ ചെയർമാൻ ആവർത്തിച്ചെങ്കിലും അജന്‍ഡ വലിച്ചുകീറി പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെയാണ് ലീഗ്‌ അംഗം ചെയർമാനെ മർദിച്ചത്‌. ചെയർമാനെ ആക്രമിച്ച ലീഗ് അംഗത്തെ കൗൺസിൽ യോഗം സസ്‌പെൻഡ് ചെയ്‌തു. 
അക്രമത്തിനിടെ സമീപത്തുണ്ടായിരുന്ന നാൽപ്പത്തൊന്നാം വാർഡംഗം ഖദീജക്കും എട്ടാം വാർഡംഗം ശ്യാമളക്കും പരിക്കേറ്റു. ഖദീജയുടെ കൈയ്യിനും ശ്യാമളയുടെ നെറ്റിയിലുമാണ് പരിക്കേറ്റത്. ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
സംഭവത്തിൽ അത്തീഖിനെതിരെ ചെയർമാനും പരിക്കേറ്റ വനിതാ അംഗങ്ങളും പരാതി നൽകി. യുഡിഎഫിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ  പ്രകടനം നടത്തി.  ചെയർമാനെതിരെ നടത്തിയ അക്രമത്തിൽ ജീവനക്കാരുടെ സംഘടനയായ കെഎംസിഎസ് യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. 
ദൗർഭാഗ്യകരമായ സംഭവമാണ് കൗൺസിൽ യോഗത്തിൽ ഉണ്ടായതെന്ന്‌ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി പറഞ്ഞു. വ്യക്തിവൈരാഗ്യം തീർക്കുന്നതുപോലെയാണ് ഒന്നാം വാർഡ് അംഗം ആക്രമിച്ചത്. വികസന പ്രവർത്തനങ്ങളിൽ വിറളിപൂണ്ടാണ് യുഡിഎഫ് അക്രമം നടത്തുന്നത്‌. ഇത് വിലപ്പോവില്ലെന്നും യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top