26 November Thursday
കരാർ തൊഴിലാളിയുടെ ആത്മഹത്യ

ജിഎം ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019

 മലപ്പുറം

ശമ്പളം മുടങ്ങിയതിനെ തുടർന്ന്‌ ദുരിതത്തിലായ ബിഎസ്‌എൻഎൽ കരാർ തൊഴിലാളി രാമകൃഷ്‌ണനെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച്‌ ബിഎസ്‌എൻഎൽ സമരസഹായ സമിതി ജനറൽ മാനേജരുടെ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
രാമകൃഷ്‌ണന്റെ മരണത്തിൽ കേന്ദ്ര സർക്കാരും ബിഎസ്‌എൻഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരും മറുപടി പറയണമെന്ന്‌ ആവശ്യമുയർന്ന മാർച്ചിൽ ജില്ലയിലെ വർഗ–ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനരന്നു. സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഡിപിഒ റോഡിലെ ബിഎസ്‌എൻഎൽ ജിഎം ഓഫീസിനുസമീപം പൊലീസ്‌ തടഞ്ഞു. രാമകൃഷ്‌ണന്റെ ഛായാചിത്രവുമായി മാർച്ചിൽ അണിനിരന്നവർ ഉയർത്തിയ മുദ്രാവാക്യം കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരായുള്ള താക്കീതായി.  
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ അധ്യക്ഷനായി. 
ബിഎസ്‌എൻഎൽ സിസിഎൽയു സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ കെ മോഹനൻ, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോർജ്‌ കെ ആന്റണി, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ബദറുന്നീസ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്‌ണപ്രദീപ്‌, എകെജിസിടി സംസ്ഥാന സെക്രട്ടറി ദാമോദരൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സഖറിയ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി അനിൽ, മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്‌നു എന്നിവർ സംസാരിച്ചു. 
സമരസഹായ സമിതി കൺവീനർ സ്വാഗതവും പി കേശവദാസ്‌ നന്ദിയും പറഞ്ഞു.
ഒരുനോക്കുകാണാൻ ആയിരങ്ങൾ
വണ്ടൂർ
ശമ്പളം മുടങ്ങി ജീവിതം പ്രതിസന്ധിയിലായി ഓഫീസിൽ ജീവനൊടുക്കിയ നിലമ്പൂരിലെ ബിഎസ്എൻഎൽ ജീവനക്കാരൻ വണ്ടൂർ കാപ്പിൽ സ്വദേശി മച്ചിങ്ങപൊയിൽ  കുന്നത്ത് വീട്ടിൽ രാമകൃഷ്ണന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. 
വെള്ളിയാഴ്ച രാവിലെ എട്ടിനാണ്‌ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചതെങ്കിലും ജനത്തിരക്കുകാരണം മൂന്ന് മണിക്കൂറോളം  വൈകി.  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി ശശികുമാർ, വി പി സക്കറിയ, വി പി അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ  ജോർജ് കെ ആന്റണി, പി രാധാകൃഷ്ണൻ, ബി മുഹമ്മദ് റസാക്ക്, വണ്ടൂർ ഏരിയാ സെക്രട്ടറി എൻ കണ്ണൻ, നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, ബിഎസ്എൻഎൽ സിസിഎൽയു സംസ്ഥാന പ്രസിഡന്റ്‌ കെ മോഹനൻ, ട്രഷറർ കെ ബാബു, അസിസ്റ്റന്റ് സെക്രട്ടറിമാരായ എൻ ടി അബൂബക്കർ, സുരേഷ് പാച്ചല്ലൂർ, വൈസ്‌ പ്രസിഡന്റ് അജിത് പട്ടാമ്പി, ജില്ലാ സെക്രട്ടറി പി കേശവദാസ്,  സമരസമിതി കൺവീനർ ഇ എൻ ജിതേന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങി ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിച്ചു. 
വ്യാഴാഴ്ച രാത്രിയാണ്‌ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചത്‌. തുടർന്ന് നൂറുകണക്കിന് പേർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
മലപ്പുറം  
ബിഎസ്എൻഎൽ കരാർ തൊഴിലാളി ഓഫീസിനകത്ത് ആത്മഹത്യചെയ്ത സംഭവത്തിൽ സംസ്ഥാന  മനുഷ്യാവകാശ  കമീഷൻ  സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ജനറൽ മാനേജർക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നോട്ടീസയച്ചു. 
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ജുഡീഷൽ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കൃത്യമായ കാരണങ്ങളില്ലാതെ വേതനം നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മരിച്ച കെ രാമകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്.  
പുറത്തുവരുന്ന വസ്തുതകൾ ശരിയാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അന്വേഷണ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും കമീഷൻ ഉത്തരവിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top