22 October Tuesday

പമ്പരംകുത്തി, കൊത്തംകല്ലാടി

സ്വന്തം ലേഖകൻUpdated: Monday Sep 9, 2019

മുസിലിയാർപീടിക ഫ്രണ്ടസ്‌ ക്ലബ്‌ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊത്തം കല്ല‌്‌കളി

മലപ്പുറം
വായുവിൽ ഉയർന്ന കരിങ്കൽ ചീളുകൾ ഉള്ളംകൈയിലെന്ന മട്ടിൽതന്നെ കൈപ്പുറത്തും പിടിക്കുമ്പോൾ ഷീജയും സുഹ്‌റാബിയും ബബിതയും വേദനയറിഞ്ഞതേയില്ല. അഞ്ച് കൽചീളുകൾ ഉയരത്തിലിട്ട്‌ അതുമുഴുവൻ പു റംകൈയിൽ സ്വീകരിക്കുമ്പോഴും അവർക്ക്‌ വാശികൂടി. വള്ളുവമ്പ്രത്തെ ഓണാഘോഷങ്ങളിലേക്ക്‌ ആനയിക്കുകയായിരുന്നു  കൊത്തംകല്ല്‌ കളിയാരവം.  
  ഇപ്പോൾ പലരും കേട്ടിട്ടില്ലാത്ത  നാടൻകളികളുമായി പഴയ തലമുറ കളംനിറഞ്ഞപ്പോൾ ചെറുപ്പക്കാർ കാഴ്‌ചക്കാരായി. ചുള്ളും കോലും  പമ്പരക്കുത്ത്‌, ഗോട്ടികളി  വട്ടംകളി...മുസലിയാർപീടിക ഇളകിമറിഞ്ഞു. വർഷങ്ങളുടെ ഇടവേളക്കുശേഷം കളത്തിലിറങ്ങിയ വാസുദേവനും ഹരിദാസനും രാജനും സദാനന്ദനും നിമിഷങ്ങൾക്കകം പഴയ ഫോമിലെത്തി. ക്രിക്കറ്റ്‌ കളിയുമായി ചില്ലറ സാമ്യമുള്ള ചുള്ളും കോലും കളിയിൽ ഒരുകാലത്ത്‌ ഹീറോകളായിരുന്നു അവരൊക്കെ. അക്കാലത്തെ കൈയടിയും കൂക്കുവിളിയും വീണ്ടും കാതിൽ മുഴങ്ങിയപ്പോൾ മിന്നൽ വേഗത്തിൽ ചുള്ളി പായിക്കാനും കൈയിലൊതുക്കാനും അവർ മത്സരിച്ചു.  
  വള്ളിയിൽചുറ്റി കറക്കി വായുവിൽ എറിയുന്ന പമ്പരം അസാമാന്യ മെയ്‌വഴക്കത്തേടെ  കോരിയെടുത്ത്‌ കൈവെള്ളയിൽ തിരിക്കുമ്പോൾ കൊടാലിപറമ്പിൽ അബുബക്കറിന്റെയും നെച്ചിയിൽ അസയിനിന്റെയും കുന്നത്ത്‌ സുബ്രഹ്മണ്യന്റെയും മുഖം മുറുകുന്നതും കാണാമായിരുന്നു. ചെമ്പ്രക്കാട് മുഹമ്മദ്‌, കുഞ്ഞിപ്പ മുഹമ്മദ്‌, കോടാലിപറമ്പൻ ഷാഫി, കബീർ എന്നിവരാണ് ഗോട്ടി  കളിക്കിറങ്ങിയത്‌. ലക്ഷ്യസ്ഥാനത്ത്‌ ഗോട്ടി പായിക്കുന്നതിലെ ഉന്നവും കൃത്യതയും കൊണ്ട്‌ അവർ കാണികളെ അമ്പരപ്പിച്ചു. 
  മുസലിയാർപീടിക ഫ്രണ്ട്‌സ്‌ ക്ലബ് ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച നാടൻകളികൾ കാണാൻ നിരവധി പേർ കളങ്ങൾക്ക്‌ ചുറ്റുംകൂടി. ക്ലബ് പ്രസിഡന്റ്‌ ഷറഫുദ്ദീൻ, സെക്രട്ടറി വൈശാഖ്‌, പ്രമോജ്‌, ഗിരീഷ്‌, കുഞ്ഞാപ്പു, ചെറിയാപ്പു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top