14 April Wednesday

ഡിവൈഎഫ്ഐ നേതാവിനുനേരെ കോൺഗ്രസ് വധശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കോൺഗ്രസ്‌ ആക്രമണത്തിൽ പരിക്കേറ്റ ക്രിസ്റ്റി ജോൺ ആശുപത്രിയില്‍

എടക്കര
മൂത്തേടത്ത് ഡിവൈഎഫ്ഐ നേതാവിനുനേരെ കോൺഗ്രസ് വധശ്രമം. 
ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് കോൺഗ്രസ്‌ ക്രിമിനലുകൾ വെട്ടിയത്‌. പരിക്കേറ്റ ക്രിസ്റ്റി എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. എടക്കര പൊലീസ്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. മൂത്തേടം അങ്ങാടിയിൽ വ്യാഴാഴ്‌ച പകൽ 11നാണ് സംഭവം. വാഹനത്തിൽ മരുന്ന് വാങ്ങാനെത്തിയ ക്രിസ്റ്റി ജോണിനെ തടഞ്ഞുനിർത്തി റോഡിലേക്ക്‌ വലിച്ചിറക്കി കത്തികൊണ്ട് വെട്ടുകയായിരുന്നു. 
കോൺഗ്രസ്‌ പ്രവർത്തകരായ മൂത്തേടം പുത്തൻവിളയിൽ അജയ് (26), നിഷാദ്  പൊയിലിൽ (28), നെല്ലിപൊയിൽ കരുവാംതൊടിക നൗഫൽ (25) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കഴുത്തിനുനേരെയുള്ള വെട്ടിൽനിന്ന്‌ ഒഴിഞ്ഞുമാറിയപ്പോഴാണ്‌ ക്രിസ്റ്റിക്ക്‌ നെറ്റിക്ക്‌ പരിക്കേറ്റത്‌. പൊലീസ്‌ എത്തുന്നതുകണ്ട്‌ അക്രമികൾ ഓടി രക്ഷപ്പെട്ടു. പൊലീസാണ്‌ ക്രിസ്‌റ്റിയെ ആശുപത്രിയിൽ എത്തിച്ചത്‌.
ഏപ്രിൽ നാലിന്‌ കാരപ്പുറത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ്‌ പ്രചാരണ വാഹനം യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് എടക്കര സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ ചേർന്ന സർവകക്ഷി യോഗം അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. സമാധാനം ഉറപ്പാക്കാൻ ചേർന്ന സർവകക്ഷി യോഗ തീരുമാനം ലംഘിച്ചാണ്‌ കോൺഗ്രസ്‌ വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ചത്‌. കോൺഗ്രസ് അക്രമം അവസാനിപ്പിക്കണമെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം മൂത്തേടം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top