14 April Wednesday

അകക്കണ്ണ്‌ തെളിച്ച്‌ ഫാത്തിമ അൻഷി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ടി കെ ഫാത്തിമ അൻഷി മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടറി​ന്റെ സഹായത്തോടെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നു

മേലാറ്റൂർ
കാഴ്‌ചാ പരിമിതി തടസ്സമായില്ല,  കംപ്യൂട്ടറിൽ പരീക്ഷ എഴുതി ടി കെ ഫാത്തിമ അൻഷി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാണ്‌ കാഴ്‌ചാ പരിമിതിയുള്ള ഈ മിടുക്കി‌ പരീക്ഷ എഴുതുന്നത്‌. മേലാറ്റൂർ  ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്‌. അധ്യാപകൻ വായിച്ചുകൊടുക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കീ ബോര്‍ഡിൽ ടൈപ്പ് ചെയ്യും. ടൈപ്പ്‌ചെയ്‌ത ഉത്തരത്തിന്റെ ശബ്ദം പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് കേൾക്കാൻ കഴിയും. ഇതിലൂടെ തെറ്റ്‌ തിരുത്താൻ സാധിക്കുംവിധമാണ്‌ കംപ്യൂട്ടർ സഹായത്തോടെയുള്ള പരീക്ഷ.  എസ്‌എസ്‌എൽസി മോഡൽ പരീക്ഷയും കംപ്യൂട്ടറിന്റെ സഹായത്തോടെയാണ്‌ എഴുതിയത്‌. ഇത്‌ പൊതുപരീക്ഷ എഴുതാൻ ആത്മവിശ്വാസം നൽകിയെന്ന്‌ അൻഷി പറഞ്ഞു. കഴിഞ്ഞ തവണത്തെ എസ്‌എസ്‌എൽസി പരീക്ഷ കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി 
മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ ടി കെ ഹാറൂൺ കരീം ബന്ധുവാണ്‌. 
ജന്മനാ കാഴ്ച വൈകല്യമുള്ള അൻഷി ഏഴാം ക്ലാസുവരെ വള്ളിക്കാപറ്റ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂൾതലം മുതൽ മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌‌. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിൽ തുടർച്ചയായി അഞ്ച് തവണ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്‌ ഈ മിടുക്കി. 
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്ട് വിഷന്റെ കേരളത്തിലെ ബ്രാന്റ് അമ്പാസിഡറും ഉജ്വലം ബാല്യം പുരസ്‌കാര ജേതാവുമാണ്‌.  എടപ്പറ്റ തോട്ടുകുഴികുന്നുമ്മൽ അബ്ദുൾ ബാരി–- - ഷംല ദമ്പതികളുടെ ഏക മകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top