നിലമ്പൂർ
നിലമ്പൂർ ബൈപാസ് പ്രവൃത്തിക്ക് സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റിൽ വകയിരുത്തിയ 29,05,36,000 രൂപ സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് ഉൾപ്പെടുത്താമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് മറുപടി പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് രേഖകളിൽ നീക്കിവച്ച തുകതന്നെയാണ് വകമാറ്റി ഉപയോഗിക്കാൻ അനുമതി നൽകിയത്.
ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽനിന്നുള്ള പുതുക്കിയ നിരക്കിലുള്ള ഫയൽ ധനകാര്യ വകുപ്പിലെത്തിയാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പി വി അൻവർ എംഎൽഎയെ അറിയിച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതിനാലാണ് ബൈപാസ് പ്രവൃത്തി നീളുന്നതെന്നും ബജറ്റിലെ തുക സ്ഥലം ഏറ്റെടുക്കാൻ വിനിയോഗിക്കണമെന്നും അഭ്യർഥിച്ച് എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
പദ്ധതി ഇങ്ങനെ
നിലമ്പൂർ ബൈപാസിന് 140 കോടി രൂപയുടെ സമഗ്ര ഭരണാനുമതി സർക്കാർ നേരത്തെ നൽകിയതാണ്. സ്ഥലം ഏറ്റെടുക്കൽ, റോഡ് നിർമാണം, കെഎസ്ഇബി മോണോപോളുകൾ സ്ഥാപിക്കൽ, ഇരുഭാഗത്തുമുള്ള റോഡ് നിർമാണം, സൗന്ദര്യവൽക്കരണം, അഴുക്കുചാലുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി.
2015ൽ യുഡിഎഫ് സർക്കാർ ബൈപാസിന് 35 കോടി അനുവദിച്ചു. 2016-ൽ എൽഡിഎഫ് അധികാരത്തിലെത്തിയതോടെ നഷ്ടപരിഹാരത്തുക നൽകി 960 മീറ്റർ സ്ഥലം ഏറ്റെടുത്തു. 14 കോടി രൂപ ഭൂ ഉടമകൾക്ക് വിതരണംചെയ്തു. ഇതുവരെ രണ്ട് കിലോമീറ്റർ സ്ഥലം ഏറ്റെടുത്തു. 2016–--17, 2017–---18 വർഷങ്ങളിൽ ബൈപാസിന് 100 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ ചെയ്ത പ്രവൃത്തിക്ക് കിഫ്ബിവഴി സ്ഥലമേറ്റേടുക്കാൻ നിർവാഹമില്ലാത്തതിനാൽ കിഫ്ബി തുക നിരാകരിച്ചു.
2018-–-19 സംസ്ഥാന ബജറ്റിൽ നിലമ്പൂർ ഒസികെ പടിമുതൽ മുക്കട്ടവരെ സ്ഥലം ഏറ്റെടുക്കാൻ 50 കോടി രൂപ അനുവദിച്ചു. ഇതിൽ രണ്ട് തവണയായി 10 കോടിവീതം നഷ്ടപരിഹാരമായി നൽകി ഭൂമി ഏറ്റെടുത്തു. ആകെ 35.5 കോടി രൂപ ഭൂ ഉടമകൾക്ക് നൽകി.
പാത 6 കിലോമീറ്റർ
നിലമ്പൂർ ഒസികെ പടിമുതൽ വെളിയംതോട് വരെ ആറ് കിലോമീറ്ററിലാണ് ബൈപാസ്. ഒസികെ പടിയിൽ 40 മീറ്റർ വീതിയിലും പിന്നീടുള്ള പ്രദേശങ്ങളിൽ 30 മീറ്റർ വീതിയിലുമാണ് ജോലി. ആദ്യറീച്ചായ ഒസികെ പടി–- ചക്കാലക്കുത്ത് വരെയുള്ള 1.860 മീറ്ററിലാണ് സ്ഥലമേറ്റെടുത്ത് പ്രവൃത്തി തുടങ്ങിയത്.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..